18
Monday
October 2021

18
Monday
October 2021

അനുസ്മരണം

വി എം കുട്ടി: മാപ്പിള പാട്ടിനെ പുതിയ പരീക്ഷണങ്ങൾ കൊണ്ട് സമ്പന്നമാക്കിയ പ്രതിഭാധനൻ

13th of October 2021

► എം.കെ അഷ്റഫ് 

നാദാപുരം: മാപ്പിളപ്പാട്ടിനെ  പുതിയ പരിക്ഷണങ്ങൾ കൊണ്ട്  ജനകീയമാക്കിയ കലാകാരനായിരുന്നു  വി എം കുട്ടി . ഒരു കാലത്ത് മാപ്പിളപ്പാട്ടെന്നു കേട്ടാൽ എല്ലാവരുടെയും മനസിൽ ഓടിയെത്തുന്ന ചിത്രം വി എം കുട്ടിയുടേതായിരുന്നു . 7 സിനിമകളിൽ പാടിയ അദ്ദേഹം  സംഗീത നാടക അക്കാദമി പുരസ്കാര ജേതാവാണ്. ആറു പതിറ്റാണ്ടിലേറെ മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്നു വി.എം കുട്ടി. 
ഉണ്ണീൻ മുസ്ല്യാരുടേയും ഇത്താച്ചുക്കുട്ടിയുടേയും മകനായി കൊണ്ടോട്ടിക്കു സമീപമുള്ള പുളിക്കലിൽ 1935 ൽ ജനനം. മെട്രിക്കുലേഷനും ടി.ടി.സിയും പാസായതിന്‌ ശേഷം 1957 ൽ കൊളത്തൂരിലെ എ.എം.എൽ.പി സ്കൂളിൽ പ്രധാനദ്ധ്യാപകനായി ചേർന്നു. 1985 ൽ അദ്ധ്യാപനരംഗത്തു നിന്ന് വിരമിച്ചു. ചെറുപ്പത്തിലേ ചിത്രരചന,അഭിനയം ,
ഗാനാലാപനം എന്നിവയിൽ തത്പരനായിരുന്നു. വ പാണ്ടികശാല ഒറ്റപ്പിലാക്കൽ ഫാത്തിമ്മക്കുട്ടി എന്ന വനിതയിൽ നിന്നാണ്‌  മാപ്പിളപ്പാട്ടിനെ പരിചയപ്പെട്ടത്. 
1954 ൽ കോഴിക്കോട് ആകാശവാണിയിൽ മാപ്പിളപ്പാട്ട് അവതരിപ്പിച്ചു കൊണ്ടാണ്‌ ഈ രംഗത്തേക്കുള്ള കുട്ടിയുടെ ചുവടുവെപ്പ്. പിന്നീട് മാപ്പിളപ്പാട്ട് ഗായകനെന്ന നിലയിൽ പ്രസിദ്ധനായി. 1957 മുതൽ സ്വന്തമായി ഗായകസംഘമുള്ള വി.എം.കുട്ടി, ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ഗൾഫ് രാജ്യങ്ങളിലും നിരവധി ഗാനമേളകൾ അവതരിപ്പിക്കുകയുണ്ടായി. വിവിധ ഗാനമേള വേദികളിലും കാസറ്റുകളിലുമായി ധാരാളം ഗാനങ്ങൾ പാടിയിട്ടുണ്ട് . ഓണപ്പാട്ട്, കുമ്മിപ്പാട്ട്, കുറത്തിപ്പാട്ട് എന്നീ നാടൻ ഗാന ശാഖയിലും വി.എം. കുട്ടിക്ക് നല്ല പാണ്ഡിത്യമുണ്ട്.
മൈലാഞ്ചി, പതിനാലാം രാവ്, ഉല്പത്തി, സമ്മാനം, മാന്യമഹാ ജനങ്ങളേ, സമ്മേളനം,1921, 
മാർക്ക് ആന്റണി എന്നീ ചിത്രങ്ങളിൽ പിന്നണി പാടിയിട്ടുണ്ട്. ഇപ്പോൾ കേരള ചലച്ചിത്ര അക്കാദമിയുടെ ജനറൽ കൗൺസിൽ അംഗമാണ്‌ വി.എം. കുട്ടി . രോഗ ശയ്യയിൽ കിടക്കുമ്പോൾ അദ്ദേഹത്തിന്റെ വീട്ടിൽ കേരള മാപ്പിള കലാ അക്കാദമി സംഘത്തിനൊപ്പം പോകാൻ എനിക്ക് അവസരമുണ്ടായി. കിടക്കുകയായിരുന്ന അദ്ദേഹം എഴുന്നേറ്റ് ഇരുന്ന് ഞങ്ങൾക്കൊപ്പം വരാന്തയിൽ വന്നിരുന്ന് കുശലം പറഞ്ഞതും ഞങ്ങൾക്ക് ചായയും പലഹാരവും നൽകി സൽക്കരിച്ചതും വലിയ അനുഭവമായിരുന്നു ശബ്ദത്തിനു പ്രശ്നം ഉണ്ടായിട്ടും ഞങ്ങങ്ങൾക്ക് വേണ്ടി അദ്ദേഹം പാടി .
കലയുടെ കുലപതി ഓര്മയാകുന്നത് ഇത്തരം ഒട്ടേറെ അനുഭങ്ങൾ ഓരോരുത്തർക്കും അയവിറക്കാനുണ്ടാകും.
കലാ കൈരളിക്ക് ഒരിക്കലും നികത്താൻ കഴിയാത്ത നഷ്ടമാണ് 
വി എം കുട്ടിയെന്ന മഹാ പ്രതിഭയുടെ വിയോഗം .

Related UPdates
newsletter

Subscribe to our email newsletter