13th of May 2022
® അനുസ്മരണം: യു.കെ റാഷിദ് ഫുജൈറ
ഫുജൈറ: യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു. 74 വയസായിരുന്നു. 2004 നവംബർ 3 മുതൽ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. മരണം ഇന്ന് ഉച്ചക്ക് ശേഷമാണ് സ്ഥിരീകരിച്ചത്. പ്രഥമ യുഎഇ പ്രസിഡന്റും രാഷ്ട്ര പിതാവും ആയിരുന്നു ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ.
ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ രണ്ടാമത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. യുണൈറ്റഡ് അറബ് എമിറേറ്റ്സ് സായുധ സേനയുടെ കമാൻഡറും സൂപ്രീം പെട്രോളിയം കൗൺസിലിന്റെ ചെയർമാനുമായിരുന്നു ഇദ്ദേഹം. നേതാവിന്റെ മരണത്തിൽ യുഎഇയിലെയും അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ മാത്രമല്ല ലോകമെമ്പാടുമുള്ള ജനങ്ങളോടും അനുശോചനം അറിയിക്കുന്നതായി യുഎഇ പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന പറയുന്നു.
1948ല്‍ ആണ് അദ്ദേഹം ജനിച്ചത്. അബുദാബിയിലെ 16-ാമത് ഭരണാധികാരിയുമായിരുന്നു ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ. രാഷ്ട്ര സ്ഥാപകന്‍ ആയിരുന്ന സായിദിന്റെ മൂത്ത മകൻ ആണ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ. അബുദാബിയിലെ വികസനത്തിന് വലിയ പങ്കുവഹിച്ച വ്യക്തിയാണ് ഇദ്ദേഹം. യുഎഇ ഫെഡറല്‍ ഭരണകൂടത്തിലും അബുദാബി എമിറേറ്റിലും ഒട്ടേറെ ഭരണപരമായ പുരോഗമന മാറ്റങ്ങൾ ഇദ്ദേഹം കൊണ്ടുവന്നിരുന്നു. രാജ്യത്തെ വലിയ കുതിപ്പിലേക്ക് കൊണ്ട് പോകാൻ വേണ്ടി വലിയ തീരുമാനങ്ങൾ അദ്ദേഹം എടുത്തിട്ടുണ്ട്. ലോകമെമ്പാടുമുള്ള പല ഭാഷകൾ സംസാരിക്കുന്ന ജനങ്ങള്‍ക്ക് തങ്ങളുടെ സ്വന്തം നാട് പോലെ ജീവിക്കാൻ അവസരം ഒരുക്കിയ ഭരണാധികാരിയാണ് വിടപറഞ്ഞിരിക്കുന്നത്.
© അനുസ്മരണം: യു.കെ റാഷിദ് ജാതിയേരി
ഒരു വരിയും വിറയാർന്ന വിരലുകൾ കൊണ്ടല്ലാതെ കുറിക്കാൻ കഴിയുന്നില്ല, ഒരു വാക്കും വിതുമ്പിക്കൊണ്ടല്ലാതെ മൊഴിയാനും കഴിയുന്നില്ല....
സി എച്ച് മുഹമ്മദ് ചരിത്രം പറയുകയായിരുന്നില്ല, നിർമ്മിക്കുകയായിരുന്നു. മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ ആശയ ധാരയിൽ ജീവിതം നയിച്ച സി എച്ച് മുഹമ്മദ് ഹാജി യു എ ഇയുടെ അജ്മാൻ പ്രവിശ്യയിൽ ഇന്ന് മുസ്ലിം ലീഗ് പ്രസ്ഥാനത്തിനു തന്നെ അഭിമാനമായും വ്യവസ്ഥാപിതമായും നിലകൊള്ളുന്ന കെഎംസിസി സ്ഥാപിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച നിഷ്കാമ കർമ്മിയാണ്.. നാട്ടിലും വിദേശത്തും ഈ വിനീതന്റെ സംഘടനാ പ്രവർത്തനത്തിൽ ഉപദേശിക്കാനും ശാസിക്കാനും അതിനേക്കാൾ അളവിൽ സ്നേഹിക്കാനും സി എച്ചുണ്ടായിരുന്നു . ആലോചിക്കുന്തോറും ആ ഓര്‍മകള്‍ കൂടുതല്‍ സജീവവും സങ്കടകര വുമായിത്തീരുകയാണ്. മഹത്തായ ആ സാത്വിക സാന്നിദ്ധ്യത്തിന്റെ സ്മരണകള്‍ക്ക് പോലും നിഷ്കളങ്കമായൊരു ചാരുതയുണ്ട്. പക്ഷേ ഇപ്പോള്‍ അതിലെ ഓരോ രംഗങ്ങളിലും ദു:ഖത്തിന്റെ നിഴല്‍ വീണുകഴിഞ്ഞു. സദാ പുഞ്ചിരി തൂകിനില്‍ക്കുന്ന ആ മുഖമാണ് മനസ്സില്‍ നിറയെ. എപ്പോള്‍, എവിടെ വച്ച് കണ്ടാലും ആ പുഞ്ചിരി വിടര്ത്തുന്നമുഖമായിരിക്കും . ഈ കുറിപ്പുകള്‍ എഴുതുന്ന വേളയില്‍ നെഞ്ചില്‍ വലിയ താപം അനുഭവപ്പെടുന്നു. പ്രിയങ്കരനായ സി എച്ച് വിടപറഞ്ഞു പോയശേഷം ഇങ്ങനെയൊരു അനുസ്മരണ കുറിപ്പ് രേഖപ്പെടുത്തണമെന്നതും റബ്ബിന്റെ വിധി തന്നെ. എഴുതിത്തീരുമ്പോള് മനസ്സില്‍ പ്രതിധ്വനിക്കുന്നത് റാഷീ റാഷീ എന്ന സ്നേഹ വിളി !
¶ എം.കെ അഷ്റഫ്
നാലു പതിറ്റാണ്ട് കാലം വ്യാപാരി വ്യവസായി
വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ അമരത്തിരുന്ന് വ്യാപാരി സമൂഹത്തിന് പ്രിയങ്കരനായി മാറിയ ടി.നസറുദ്ദീൻ ഇനി ഓർമ്മ.
1991 മുതൽ സംഘടന യുടെ സംസ്ഥാന പ്രസിഡന്റാണ്. ഭാരത് വ്യാപാരസമിതി അംഗം, വാറ്റ് ഇംപലിമെൻറേഷൻ കമ്മിറ്റി മെമ്പർ, വ്യാപാരി ക്ഷേമ നിധി വൈസ് ചെയർമാൻ, കേരള മർക്കൻറയിൽ ബാങ്ക് ചെയർമാൻ, ഷോപ് ആൻറ് കോമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്മെൻറ് ക്ഷേമ നിധി ബോർഡ് മെമ്പർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
1944 ഡിസംബർ 25 ന് കോഴിക്കോട് കൂടാര പ്പുരയിൽ ടി.കെ. മുഹമ്മദിൻറെയും അസ്മാബിയുടെയും ആറാമത്തൈ മകനായി ജനിച്ചു. ഹിദായത്തുൽ ഇസ്ലാം എൽ.പി. സ്കൂൾ, മലബാർ ക്രിസ്ത്യൻ കോളജ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പഠനം കഴിഞ്ഞ് വ്യാപാര മേഖലയിലേക്ക് കടന്നു. മിഠായിത്തെരുവിലെ ബ്യൂട്ടി സ്റ്റോഴ്സ് ഉടമയായിരുന്നു.
1980ൽ മലബാർ ചേംബർ ഓഫ് കൊമേഴ്സ് ജനറൽ സെക്രട്ടറിയായാണ് സംഘടന പ്രവർത്തനത്തിന് തുടക്കം. 1984ൽ വ്യവസായി ഏകോപന സമിതിയുടെ ജില്ല പ്രസിഡൻറ് ആയി. 1985ൽ സംസ്ഥാന ജനറൽ സെക്രട്ടറിയായി. കേരളത്തിൽ വ്യാപാരികളുടെ അവകാശപ്പോരാട്ടങ്ങൾക്ക് ശക്തമായ നേതൃത്വം നൽകിയ അനിഷേധ്യ നേതാവാണ് നസിറുദ്ദീൻ.
വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിൽസയിൽ കഴിയുന്ന സമയത്ത് പോലും വ്യാപാരികളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ അവധാനത പുലർത്തിയ നസ്റുദ്ദീൻ്റെ നിലപാട് വിട്ടു വീഴ്ചയില്ലാത്തതായിരുന്നു. കോവിഡ് കാലത്ത് വ്യാപാര സ്ഥാപനങ്ങൾക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ അതിനെതിരെ ധീരമായി ശബ്ദിച്ച അദ്ദേഹം കടകൾ തുറക്കാൻ ആഹ്വാനം ചെയ്തത് വലിയ ചർച്ചയായിരുന്നു . ഒടുവിൽ സർക്കാർ വ്യാപാരി സംഘടനകളെ ചർച്ചക്ക് വിളിച്ച് തീരുമാനത്തിൽ ഇളവ് വരുത്താനിടയാക്കിയത് നസ്റുദ്ദീൻ്റെ നിലപാടിന് അംഗീകാരമായിരുന്നു.
വ്യാപാരി സമൂഹത്തെ ബാധിക്കുന്ന ഏത് പ്രശ്നത്തിലും ആദ്യം പ്രതികരിക്കുന്ന നേതാവും നസ്റുദ്ദീൻ തന്നെ. ഒരു യുഗപുരുഷൻ ഓർമയാകുമ്പോൾ വ്യാപാര സമൂഹമാകെ സങ്കടകണ്ണീരിലാണ് .
¶ സ്മരണ: കുഞ്ഞിക്കണ്ണൻ വാണിമേൽ.
''മധുവര്‍ണ്ണ പൂവല്ലേ
നറുനിലാ പൂമോളല്ലേ
മധുര പതിനേഴില്‍
ലങ്കി മറിയുന്നോളേ''
പി.സി. ലിയാഖത്തിന്റെ ശബ്ദത്തില്‍ മലയാളികളുടെ മനസ്സില്‍ തളിര്ത്തുനില്ക്കുന്ന ഈ മാപ്പിളപ്പാട്ട് എഴുതിയത് നാലുപതിറ്റാണ്ടു മുമ്പ് വടകരയിലെ എസ്.വി. ഉസ്മാന്. സംഗീതത്തിന്റേയും ആയുര്‍വേദത്തിന്റേയും മണവും സ്പര്‍ശവും ആവോളം നുകരുന്ന ഉസ്മാന്റെ ഓര്‍മ്മയില്‍ വടക്കന്‍ മലബാറിന്റെ ചരിത്രത്താളുകളും ചിത്രപംക്തികളും നിറയുന്നു.
പോയകാലത്തിന്റെ ധൂളീപടലങ്ങളിലുറങ്ങുന്ന നാട്ടറിവുകളും കഥകളും ചരിത്രാംശങ്ങളും എപ്പോഴും നമ്മെ മാടിവിളിക്കാറുണ്ട്. ഒരു കുട്ടിയുടെ കൗതുകമനസ്സോടെ ഇന്നലേകളുടെ ആഴങ്ങളിലേക്കിറങ്ങുമ്പോള്‍ നമ്മെ വലയം ചെയ്യുന്ന അനുഭൂതി അനിര്‍വ്വചനീയമാണ്. ബാല്യകാലം ഓര്‍ത്തെടുക്കുമ്പോള്‍ മനസ്സില്‍ തെളിയുന്നത് വടകര താഴെഅങ്ങാടിയിലെ വ്യാപാര കേന്ദ്രമാണ്. ഗുജറാത്തി സേട്ടുമാരുടെ കൊപ്രവ്യാപാരവും വടകര കടപ്പുറത്ത് നങ്കൂരമിടുന്ന ചരക്കുകപ്പലുകളും. നാലുുവയസ്സുകാരന്‍ ഉസ്മാന് ബാപ്പയുടെ കൂടെ കടപ്പുറത്തും താഴെഅങ്ങാടിയിലും വൈകുന്നേരങ്ങളില്‍ ചുറ്റിക്കറങ്ങുമായിരുന്നു. വടകര എന്നാല്‍ താഴങ്ങാടിയായിരുന്നു. കച്ചവടത്തിന്റെ മാത്രമല്ല, സംഗീതത്തിന്റേയും ലോകം. ഉസ്മാന്റെ പിതാവ് കടവത്ത് ബാബ വടകരയിലെ ആദ്യകാല സ്റ്റേഷനറിക്കച്ചവടക്കാരനായിരുന്നു. കലാകാരന്മാരുമായും പാട്ടുകാരുമായും ഉറ്റ ചങ്ങാത്തം പുലര്‍ത്തിയ അദ്ദേഹം നല്ലൊരു ഹാര്‍മോണിയം വായനക്കാരനുമായിരുന്നു. ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ വടകരയില്‍ കച്ചേരിക്ക് വന്നപ്പോള്‍ (ഭാഗവതരുടെ സംഗീതകച്ചേരിക്ക് സ്ഥിരം ഹാര്‍മോണിയം വായിച്ചിരുന്ന ആള് സ്ഥലത്ത് എത്തിച്ചേരാന്‍ പത്തുമിനിറ്റ് വൈകി.) കച്ചേരി തുടങ്ങാന്‍ ചെമ്പൈക്കു വേണ്ടി പത്തുമിനിറ്റു ഹാര്‍മോണിയത്തില്‍ ശ്രുതിയിട്ടത് ബാബയായിരുന്നു. ക്ലാസിക്കലും ഖവാലിയും ഹിന്ദുസ്ഥാനിയും എല്ലാം ബാബക്ക് പ്രിയമാണ്. ഒപ്പം കഥകളിയും നാടകവും. താഴെഅങ്ങാടിയില് അക്കാലത്ത് നിരവധി നാടകങ്ങള്‍ അദ്ദേഹവും കൂട്ടുകാരും കളിപ്പിച്ചിട്ടുണ്ട്. വടക്കേ മലബാറിലെ, പ്രത്യേകിച്ച് കടത്തനാട് പ്രദേശങ്ങളിലെ ജനസഞ്ചയത്തിന്റെ ആചാരവിശ്വാസങ്ങളില്‍ വേരു പടര്‍ത്തിനില്‍ക്കുകയാണ് ഉസ്മാന്റെ ഓര്‍മ്മകള്‍.
ഫോര്‍ ബ്രദേഴ്സ്
ഉസ്മാന്റെ പിതാവ് ബാബയും അദ്ദേഹത്തിന്റെ മൂന്നു സഹോദരന്മാരും ചേര്‍ന്ന് വടകരയില്‍ ഒരു സംഗീത ട്രൂപ്പുണ്ടാക്കി. സഹോദരന്മാര് പാടുകയും ഇന്‍സ്ട്രുമെന്റുകള്‍ വായിക്കുകയും ചെയ്തു. അക്കാലത്ത് വടകരയില്‍ സംഗീത സംവിധായകന് ബാബുരാജിന്റെ പിതാവ് ജാന്‍ മുഹമ്മദ്, കെ.ജി.സത്താറുടെ പിതാവ് ഗുല്‍ മുഹമ്മദ് എന്നിവരെല്ലാം ഒത്തുകൂടും. അവര്‍ക്കൊപ്പം ബാബയും ഉണ്ടാകും. പില്ക്കാലത്ത് സംഗീതവൃന്ദത്തില്‍ എസ്. എം. കോയയും ബാബുരാജും മറ്റും എത്തി. ബാബയുടെ ഗ്രൂപ്പില്‍ ഖവാലി പാട്ടുകാരന് ബാര്‍ദ്ദാന്‍ അബ്ദുറഹിമാനും ഉണ്ടായിരുന്നു. അങ്ങനെ സംഗീതത്തിന്റെ അന്തരീക്ഷത്തിലായിരുന്നു ഉസ്മാന്റെ ബാല്യം.
മലബാര്‍ കലാപം
മലബാര്‍ കലാപത്തിന്റെ കാലത്താണ് ഉസ്മാന്റെ പിതാവ് ബാബ വടകര എത്തുന്നത്. മലപ്പുറത്തെ നാലകത്ത് തറവാട്ടിലെ അംഗമായ ബാബയുടെ സ്ഥലം വെട്ടത്തു പുതിയങ്ങാടിയാണ്. വടകര കോട്ടക്കലിലാണ് വിവാഹം ചെയ്തത്. കലാപത്തിന്റെ ദുരിതങ്ങളും അന്നത്തെ സാമൂഹികാന്തരീക്ഷവും ബാബയുടെ മനസ്സില്‍ തീക്കനലുകളായി. പിന്നീട് അദ്ദേഹം ഹാര്‍മോണിയത്തിന്റെ ശ്രുതിയില്‍ അലിയിച്ചെടുത്തത് ആ വേദനകള്‍ തന്നെയായിരുന്നെന്ന് ഉസ്മാന് കരുതുന്നു.
കൊപ്രക്കച്ചവടം
താഴെഅങ്ങാടിയിലെ കൊപ്രക്കച്ചവടം അന്ന് പ്രസിദ്ധമായിരുന്നു. സേട്ടുമാരും അവരുടെ വ്യാപാരവും. സോട്ടുമാര്‍ സംഗീതത്തോട് ആഭിമുഖ്യമുള്ളവരും. കൊപ്രവ്യാപാരത്തില്‍ പ്രശസ്തി നേടിയ വടകരയിലെ പെരുവാട്ടിന്‍താഴ ചരിത്രത്തിലിടം നേടാന്‍ തുടങ്ങിയത് പില്ക്കാലത്താണ്. കിഴക്കന്‍മലയോരത്തു നിന്ന് കാളവണ്ടിയിലായിരുന്നു ആദ്യകാലത്ത് കൊപ്ര എത്തിയിരുന്നത്. നാദാപുരം, കുറ്റിയാടി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് കൊപ്ര എത്തിയത്. പിന്നീട് വാനുകളിലും ലോറികളിലുമായിട്ടാണ് കൊപ്ര എത്തിയത്. പെരുവാട്ടിന്‍താഴയിലെ വ്യാപാരത്തിന്റെ നല്ലനാളുകള്‍ കടന്നുപോയി. തലച്ചുമട് എടുക്കുന്ന സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്തിരുന്നതും പെരുവാട്ടിന്‍ താഴെയായിരുന്നു. വടകര കോട്ടപ്പറമ്പ് പിന്നീടാണ് അങ്ങാടിയായി മാറിയത്. കോട്ടപ്പറമ്പിലെ ആഴ്ചച്ചന്തയും കുലച്ചന്തയും വടകരയുടെ ചരിത്രത്തില്‍ ഇടംനേടി. പട്ടണത്തിന്റെ മാറ്റവും വ്യാപാര കേന്ദ്രങ്ങള്‍ വ്യാപിച്ചതും ഉസ്മാന്റെ കണ്ണുകളില്‍ നിറഞ്ഞുനില്ക്കുന്നു. ഇന്ന് കോട്ടപ്പറമ്പിലെ ചന്തകള്‍ ചരിത്രത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുന്നു. വടകരയിലെ അരിമുറുക്കും ശര്‍ക്കരയും ഓര്‍മ്മകളിലേക്കും. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ `സ്മാരകശിലകള്‍'എന്ന നോവലില്‍ അരിമുറുക്ക് വില്‍പ്പനക്കാര്‍ ജീവിക്കുന്നു. ഉസ്മാന്റെ യൗവ്വനത്തോടൊപ്പം പുതിയ ബസ്സ്റ്റാന്റും നാരായണനഗരവും എല്ലാം രൂപപ്പെട്ടു. പഴയ വടകര മാറി. ഉസ്മാന്റെ ജീവിതവും.
ആയുര്‍വേദ ഏജന്‍സി
കോട്ടക്കല്‍ ആര്യവൈദ്യശാല വടകരയില്‍ ഏജന്‍സി തുടങ്ങാന്‍ ആലോചിച്ചപ്പോള്‍ അതിന്റെ ചുമതല ഏല്‍പ്പിച്ചത് ഉസ്മാന്റെ ബാപ്പയെ ആയിരുന്നു. കാരണം വടകരയില്‍ വ്യാപാരത്തിന്റേയും കലയുടേയും രംഗത്ത് അന്ന് കടവത്ത് ബാബ നിറഞ്ഞുനില്‍ക്കുന്നകാലം. പി.എം.വാര്യര്‍ ആയിരുന്നു അന്ന് ഏജന്‍സി ബാബക്ക് നല്‍കിയത്. ഉസ്മാന് വളര്‍ന്നപ്പോള്‍ ബാപ്പ തുടങ്ങിവെച്ച ആയുര്‍വേദ സ്ഥാപനം ഏറ്റെടുത്തു. സംഗീതം നിറഞ്ഞ മനസ്സില്‍ ആയുര്‍വേദവും മരുന്നുകളുടെ ഗന്ധവും പച്ചപിടിച്ചു. ഇപ്പോഴും ഉസ്മാന്റെ ലോകം ആയുര്‍വേദ കട തന്നെ.
സൂഫിസവും സംഗീതവും
സുകൂള്‍ വിദ്യാഭ്യാസത്തിനു ശേഷം തുടര്‍ന്നു പഠിക്കാന്‍ ഉസ്മാന് കഴിഞ്ഞില്ല. ഉത്തരവാദിത്വങ്ങളുടെ ഇടയില്‍ പിടഞ്ഞനാളുകളായിരുന്നു. ഹാര്‍മോണിയത്തിന്റെ താളരാഗങ്ങള്‍ പതിഞ്ഞ വിരല്‍ത്തുമ്പില്‍ പേര്‍ഷ്യന്‍ സൂഫി ഹല്ലാജിയുടെ വെളിപാടുകളും പാക്കിസ്ഥാനി ഗായകന് മേഹ്ജി ഹസ്സന്റേയും ലതാമങ്കേഷ്കറിന്റേയും ഗാനങ്ങള്‍ കുടിയേറി. ബൂല്‍ബിസ്ലി, നിസാര്‍ ഖബ്ബാനി,ഷജാത്ത് ഹുസൈന് ഖാനും ഇറാനിഖാനും (സിത്താര്‍) എല്ലാം ചേരുകയായിരുന്നു ഉസ്മാന്റെ തട്ടകത്തില്‍. `ആപ് കീ നസ്റോ....' ചുണ്ടിലും മനസ്സിലും തിളങ്ങി.
കടയുടെ ഒറ്റമുറിയില്‍ പ്രിജ്റ്റ് കാപ്രയും ഖലീല്‍ ജിബ്രാനും ജിദ്ദു കൃഷ്ണമൂര്‍ത്തിയും ഉസ്മാന്റെ വായനയെ വിശാലതകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. തലതാഴ്ത്തി മുട്ടുമടക്കി, മുതുക് വളച്ച് ജീവിതത്തില്‍ അനുസരണത്തിന്റെ ഒരു രൂപകംപോലെ എസ്.വി.ഉസ്മാന്. അധികാര സ്വരൂപങ്ങള്‍ക്ക് മുമ്പില്‍ വ്യക്തിജീവിതം നിസ്സാരവും തുച്ഛവുമായി പോകുന്നത് സിവില്‍ സമൂഹത്തിന്റെ പ്രത്യേകതയാണെന്ന് ഉസ്മാന് തിരിച്ചറിഞ്ഞു. ആത്മഭാഷണമായി ജീവിതം പകര്‍ത്തെഴുതുമ്പോള്‍ വിട്ടുപോകുന്നത് പറയാന്‍ കരുതിവെച്ച കാര്യങ്ങള്‍ തന്നെയാണെന്ന് എസ്,വി,യും തിരിച്ചറിഞ്ഞു.
ആരോ കൊളുത്തിവെച്ച
മാന്ത്രികവിളക്ക്
സാധാരണ ഒരു തിരശീലക്ക് പിന്നിലാണ് കവിയുടെ പണിപ്പുര. ഈ കീഴ്വഴക്കം ഇവിടെ തലകീഴ്മേല്‍ മറിയുകയാണ്. ഉസ്മാന്റെ കാവ്യലോകം തിടംവെക്കുന്നത് ജോലി ചെയ്യുന്ന ഒറ്റമുറിയില്‍ത്തന്നെ. അദ്ദേഹം എഴുതിയതുപോലെ: `മസിലുകള്‍ മുഴുവന്‍, എഴുന്ന് കാണത്തക്കവിധം, നിര്‍ഭയം നെഞ്ച് വിരിച്ച്, കറങ്ങുന്ന സീലിംങ് ഫാനില്‍ കണ്ണുംനട്ട് നീണ്ട് മലര്‍ന്ന്...' കവിതയുടെ ഈ കിടപ്പ് ജീവിതത്തിലേക്ക് വിവര്‍ത്തനം ചെയ്യുകയാണ് ഉസ്മാന്.
വൈലോപ്പിള്ളിയെ കവിതാ വായനയില്‍ തിടമ്പേറ്റി നടത്തിക്കുന്ന ഉസ്മാന് എഴുത്തിലും ഒറ്റയാനിരിപ്പ് കൂടെചേര്‍ത്തു. അധികം എഴുതിയില്ല. എഴുതിക്കഴിഞ്ഞവ പ്രസിദ്ധീകരണത്തിന് അയക്കുന്നതും കുറവ്. ആദ്യകവിത പ്രസിദ്ധപ്പെടുത്തിയത് വയലാറിന്റെ പത്രാധിപത്യത്തിലിറങ്ങിയ `അന്വേഷണ'ത്തില്‍.
മരണം, മഴ, പ്രണയം
മരണത്തിന്റെ കാല്പ്പെരുമാറ്റത്തിന് കാതോര്‍ത്ത ദിനങ്ങള്‍ നിരവധി ഉസ്മാന്റെ ജീവിതത്തിലൂടെ കടന്നുപോയി. പ്രിയപ്പെട്ടവരുടെ മരണത്തിന് കാവലാളായി. രണ്ടര വയസ്സുകാരി മകളെയും മരണം വന്നുവിളിച്ചു. മരണത്തിന്റെ കാലൊച്ചയുടെ നാളുകള്‍. ഉസ്മാന്റെ കവിതകളിലും മരണം മുന്നറിയിപ്പില്ലാതെ കയറിവരുന്നുണ്ട്.`ഓരോ പിറവിയും, തിരോധാനവും, മരണത്തിന്, എത്തിപ്പെടാനാവാത്ത, പ്രാണന്റെ, ഒളിത്താവളങ്ങളാണ്''-(കാഴ്ചയ്ക്കപ്പുറം).
മഴയുടെ സംഗീതം ഉസ്മാനെ ഇപ്പോഴും ഹരംപിടിപ്പിക്കുന്നു. കുഞ്ഞുനാളില്‍ മഴയുടെ ശബ്ദത്തിന് കാത്തിരുന്നു. അത് ജീവിത്തിന്റെ ഭാഗമായി. എഴുത്തിലും മഴപെയ്തുകൊണ്ടിരിക്കുന്നു.:`` മഞ്ഞും മഴയും, പാട്ടുമണക്കുന്ന കാറ്റും, ചിറക് വെച്ചെത്തുന്ന, പ്രണയവും മൊഴിയുന്നു''.
മഴയോടൊപ്പം പ്രണയത്തിലും നനഞ്ഞതാണ് ഉസ്മാന്റെ മനസ്സ്. മൂന്നുകടുത്ത പ്രണയങ്ങള്‍ യൗവ്വനത്തിലൂടെ കടന്നുപോയി. അവരെല്ലാം ജീവിതത്തിന്റെ തുഴച്ചിലിനിടയില്‍ മറുകരതേടി. ``മുറിയടച്ച് ആദ്യം, വാക്ക്, മൗനത്തിലേക്ക് പടിയിറങ്ങി. പിറകെ, നിലവിളിച്ച്, പ്രണയം....''-അത് ഒന്നാളിക്കത്തിയ ശേഷം ഓര്‍മ്മയില്‍ പൊടുന്നനെ ഒരു തിരിയായി എരിഞ്ഞടങ്ങി. ഉസ്മാന് അതേപ്പറ്റി അത്രമാത്രമേ പറയാനുള്ളൂ. അധിനിവേശകാലത്തെ പ്രണയം കുറിക്കുമ്പോഴും ആദ്യപ്രണയകഥകള്‍ എവിടെയോ ഒളിപ്പിച്ചു വെക്കുകയായിരുന്നു എസ്.വി. ഉസ്മാന്.
ഒറ്റപ്പെട്ട ഒലിമുഴക്കം
പേനയുടെ സ്കൂളില്‍ നിന്ന് യുണിഫോമിട്ട് വാക്കുകള്‍ നടന്നുപോകുന്നത് ഒറ്റമുറിയിലിരുന്ന് എസ്.വി. ഉസ്മാന് കണ്ടെടുക്കുന്നു. എന്നെ എന്റെ പാട്ടിന് വിട് എന്നൊരഭ്യര്‍ത്ഥനയും. മലയാളകവിതയില്‍ വേറിട്ട ഒരൊളിത്തിളക്കമായി നില്ക്കുന്ന ഉസ്മാന്റെ ആദ്യകവിതാ സമാഹാരത്തിന് പേര് `ബലിമൃഗങ്ങളുടെ രാത്രി' എന്നാണ്. രണ്ടാമത്തേത് `അധിനിവേശകാലത്തെ പ്രണയവും'. തികഞ്ഞ ആത്മവിശ്വാസത്തോടെ, വേറിട്ടു കേള്‍ക്കുന്ന തന്റെ ശബ്ദത്തെക്കുറിച്ച്, എഴുതാനുള്ള തന്റേടവും ഈ കവിക്കുണ്ട്. ഇടിവെട്ടുമ്പോള്‍ മാത്രം ചില്ലകളില്‍ തളിരുപൊട്ടുന്നതുപോലെയാണ് എസ്.വി.യുടെ കവിത. ഒട്ടേറെ മാപ്പിളപ്പാട്ടുകള്‍ ആല്‍ബങ്ങള്‍ക്കുവേണ്ടി എഴുതി. `ഇത്രയും പോരെ' എന്നാണ് എസ്.വി.ഉസ്മാന്റെ ചോദ്യം.
അനുസ്മരണം
► എം.കെ അഷ്റഫ്
മലയാളിയുടെ ചുണ്ടുകളിൽ തത്തിക്കളിക്കുന്ന ഒട്ടേറെ അവിസ്മരണീയ ഗാനങ്ങൾ കലാ കൈരളിക്ക് സമ്മാനിച്ച മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് ഓർമയായി. കാഫ് മലകണ്ട പൂങ്കാറ്റേ, ഒട്ടകങൾ വരി വരി വരിയായി തുടങ്ങിയ ഹിറ്റ് പാട്ടുകൾ ഈണമിട്ടതും പാടിയതും പീർ മുഹമ്മദാണ്. 1945 ജനുവരി 8 ന് തമിഴ് നാട്ടിലെ തെങ്കാശി ക്കടുത്തുള്ള 'സുറണ്ടൈ' ഗ്രാമത്തിലാണ് പീർ മുഹമ്മദിന്റെ ജനനം. തെങ്കാശിക്കാരിയായ ബൽക്കീസായിരുന്നു മാതാവ്. തലശ്ശേരി ക്കാരനായ അസീസ് അഹമ്മദ് പിതാവും.
നാലു വയസ്സുള്ളപ്പോൾ പിതാവുമൊത്ത് അദ്ദേഹം തലശ്ശേരിയിലെത്തി.
തായത്തങ്ങാടി തഅലിമുൽ അവാം മദ്രസ യു.പി സ്കൂൾ, തലശ്ശേരിയിലെ സെന്റ് ജോസഫ്സ് ഹൈസ്കൂൾ, മുബാറക് ഹൈസ്കൂൾ എന്നിവിടങ്ങളിലായി പഠനം. പിന്നീട് തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ നിന്നും ബിരുദം. സംഗീതം അതിനിടയിൽ എപ്പൊഴോ അറിയാതെ ആത്മാവിന്റെ ആവേശമായി മാറിക്കഴിഞ്ഞിരുന്നു. നാല്-അഞ്ച് ക്ലാസുകളിൽ പഠിക്കുമ്പോൾ കവിതകൾ ചൊല്ലിക്കൊണ്ടാണ് തുടക്കം. വയലാർ രാമവർമയുടെ കവിതകളോടായിരുന്നു ഏറെ കമ്പം. ആലാപന സമയത്തെ അക്ഷര ശുദ്ധിയും തെളിഞ്ഞ ശബ്ദവും സന്ദർഭോ ചിതമായി മുഖത്ത് മിന്നിമായുന്ന ഭാവ പ്രകടനങ്ങളും സഹപാഠികളുടെയും അധ്യാപകരുടെയും ഇടയിൽ പെട്ടെന്ന് അദ്ദേഹത്തെ പ്രശസ്തനാക്കി.
എന്നാൽ പറയത്തക്ക ഒരു സംഗീത പാരമ്പര്യമുള്ള കുടുംബമായിരുന്നില്ല പീർ മുഹമ്മദിന്റേത്. അദ്ദേഹത്തിന്റെ പിതാവ് നല്ലൊരു സംഗീതാസ്വാദ കനായിരുന്നു. എത്ര കേട്ടാലും മതിവരാത്ത ഒട്ടേറെ മാപ്പിളപ്പാട്ടുകൾ അദ്ദേഹം മലയാളിക്ക് സമ്മാനിച്ചിട്ടുണ്ട്. നാട്ടിലും വിദേശത്തുമായി ആയിര കണക്കിന് വേദികളിൽ ഗാനമേള നടത്തിയ പീർ മുഹമ്മദ് സദസിനെ കയ്യിലെടുക്കുമായിരുന്നു.
മാപ്പിളപ്പാട്ട് ജനകീയക്കിയ വി എം കുട്ടിക്ക് പിന്നാലെ പീർ മുഹമ്മദ് കൂടി ഓർമയാകുമ്പോൾ കലാലോകം സങ്കട കണ്ണീർ പൊഴിക്കുകയാണ്.
► എം.കെ അഷ്റഫ്
നാദാപുരം: മാപ്പിളപ്പാട്ടിനെ പുതിയ പരിക്ഷണങ്ങൾ കൊണ്ട് ജനകീയമാക്കിയ കലാകാരനായിരുന്നു വി എം കുട്ടി . ഒരു കാലത്ത് മാപ്പിളപ്പാട്ടെന്നു കേട്ടാൽ എല്ലാവരുടെയും മനസിൽ ഓടിയെത്തുന്ന ചിത്രം വി എം കുട്ടിയുടേതായിരുന്നു . 7 സിനിമകളിൽ പാടിയ അദ്ദേഹം സംഗീത നാടക അക്കാദമി പുരസ്കാര ജേതാവാണ്. ആറു പതിറ്റാണ്ടിലേറെ മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്നു വി.എം കുട്ടി.
ഉണ്ണീൻ മുസ്ല്യാരുടേയും ഇത്താച്ചുക്കുട്ടിയുടേയും മകനായി കൊണ്ടോട്ടിക്കു സമീപമുള്ള പുളിക്കലിൽ 1935 ൽ ജനനം. മെട്രിക്കുലേഷനും ടി.ടി.സിയും പാസായതിന് ശേഷം 1957 ൽ കൊളത്തൂരിലെ എ.എം.എൽ.പി സ്കൂളിൽ പ്രധാനദ്ധ്യാപകനായി ചേർന്നു. 1985 ൽ അദ്ധ്യാപനരംഗത്തു നിന്ന് വിരമിച്ചു. ചെറുപ്പത്തിലേ ചിത്രരചന,അഭിനയം ,
ഗാനാലാപനം എന്നിവയിൽ തത്പരനായിരുന്നു. വ പാണ്ടികശാല ഒറ്റപ്പിലാക്കൽ ഫാത്തിമ്മക്കുട്ടി എന്ന വനിതയിൽ നിന്നാണ് മാപ്പിളപ്പാട്ടിനെ പരിചയപ്പെട്ടത്.
1954 ൽ കോഴിക്കോട് ആകാശവാണിയിൽ മാപ്പിളപ്പാട്ട് അവതരിപ്പിച്ചു കൊണ്ടാണ് ഈ രംഗത്തേക്കുള്ള കുട്ടിയുടെ ചുവടുവെപ്പ്. പിന്നീട് മാപ്പിളപ്പാട്ട് ഗായകനെന്ന നിലയിൽ പ്രസിദ്ധനായി. 1957 മുതൽ സ്വന്തമായി ഗായകസംഘമുള്ള വി.എം.കുട്ടി, ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ഗൾഫ് രാജ്യങ്ങളിലും നിരവധി ഗാനമേളകൾ അവതരിപ്പിക്കുകയുണ്ടായി. വിവിധ ഗാനമേള വേദികളിലും കാസറ്റുകളിലുമായി ധാരാളം ഗാനങ്ങൾ പാടിയിട്ടുണ്ട് . ഓണപ്പാട്ട്, കുമ്മിപ്പാട്ട്, കുറത്തിപ്പാട്ട് എന്നീ നാടൻ ഗാന ശാഖയിലും വി.എം. കുട്ടിക്ക് നല്ല പാണ്ഡിത്യമുണ്ട്.
മൈലാഞ്ചി, പതിനാലാം രാവ്, ഉല്പത്തി, സമ്മാനം, മാന്യമഹാ ജനങ്ങളേ, സമ്മേളനം,1921,
മാർക്ക് ആന്റണി എന്നീ ചിത്രങ്ങളിൽ പിന്നണി പാടിയിട്ടുണ്ട്. ഇപ്പോൾ കേരള ചലച്ചിത്ര അക്കാദമിയുടെ ജനറൽ കൗൺസിൽ അംഗമാണ് വി.എം. കുട്ടി . രോഗ ശയ്യയിൽ കിടക്കുമ്പോൾ അദ്ദേഹത്തിന്റെ വീട്ടിൽ കേരള മാപ്പിള കലാ അക്കാദമി സംഘത്തിനൊപ്പം പോകാൻ എനിക്ക് അവസരമുണ്ടായി. കിടക്കുകയായിരുന്ന അദ്ദേഹം എഴുന്നേറ്റ് ഇരുന്ന് ഞങ്ങൾക്കൊപ്പം വരാന്തയിൽ വന്നിരുന്ന് കുശലം പറഞ്ഞതും ഞങ്ങൾക്ക് ചായയും പലഹാരവും നൽകി സൽക്കരിച്ചതും വലിയ അനുഭവമായിരുന്നു ശബ്ദത്തിനു പ്രശ്നം ഉണ്ടായിട്ടും ഞങ്ങങ്ങൾക്ക് വേണ്ടി അദ്ദേഹം പാടി .
കലയുടെ കുലപതി ഓര്‍മയാകുന്നത് ഇത്തരം ഒട്ടേറെ അനുഭങ്ങൾ ഓരോരുത്തർക്കും അയവിറക്കാനുണ്ടാകും.
കലാ കൈരളിക്ക് ഒരിക്കലും നികത്താൻ കഴിയാത്ത നഷ്ടമാണ്
വി എം കുട്ടിയെന്ന മഹാ പ്രതിഭയുടെ വിയോഗം .
¶ അനുസ്മരണം: എം.കെ അഷ്റഫ്
നാദാപുരം: മലയാളിയുടെ ചുണ്ടുകളിൽ ഇന്നും തത്തിക്കളിക്കുന്ന അനശ്വര ഗാനങ്ങൾ കലാ കൈരളിക്ക് സമ്മാനിച്ച എം എ റഹീം മൗലവി ഓർമയായി. വലിയൊരു ചിന്തയുടെ ഉടമയായിരുന്ന മൗലവി എഴുതിയ പാട്ടുകളെല്ലാം വലിയ സന്ദേശങ്ങൾ നൽകുന്നതായിരുന്നു. ഉണ്ടോ സഖീ ഒരു കുല മുന്തിരി എന്ന മനോഹരമായ ഗാനം ഈയടുത്ത് വിടപറഞ്ഞ അദ്ദേഹത്തിന്റെ സഹോദരൻ ഹമീദ് ഷർവാനിയാണ് ആദ്യം പാടിയത്. പിന്നീടത് കേരളത്തിലെ പ്രശസ്തരായ പല ഗായകരും ആലപിച്ചു. ഇന്നും ഗാനമേളാ വേദികളിൽ പാട്ടുകാരുടെ ഇഷ്ടഗാനമാണിത്. സൗറെന്ന ഗുഹയിൽ പണ്ട് സന്മാർഗ്ഗ തേരുകൾ രണ്ട് എന്ന ഗാനവും ഹിറ്റാണ്. "ഭാരതമെന്നാൽ കണ്ണും കരളും."...
"ആരുണ്ട് കാണുവാൻ ആരോടോ തും ഞാനിക്കഥ" ......
" പള്ളിപ്പറമ്പിലെ" ...... "നമ്മളെന്തെല്ലാമതൃപ്പം കേട്ടിടുന്നു" ....തുടങ്ങി നിരവധി ഗാനങ്ങൾ അദ്ദേഹത്തിന്റെ തൂലികയിൽ വിരിഞ്ഞതാണ്.
ഒരു കാലഘട്ടത്തിൽ കുറ്റ്യാടിയിലെ കലാസാംസ്കാരിക രംഗങ്ങളിലെല്ലാം നിറസാന്നിദ്ധ്യമായിരുന്നു റഹീം മാതുലവി. . ചിന്താവിപ്ലവം സൃഷ്ടിച്ച പ്രോജ്ജ്വല പ്രഭാഷകൻ. നവോത്ഥാന പ്രവർത്തനങ്ങളിൽ നിസ്സീമ സേവനം. കുറ്റ്യാടി സലഫി മദ്റസ, സലഫീ മസ്ജിദ് നിർമാണ സാരഥ്യം, കുറ്റ്യാടി മർക്കസുദ്ദഅവതിൽ ഇസ്ലാമി സലഫി ട്രസ്റ്റ് ഇസ്ലാമിക്ക് പ്രീച്ചിംഗ് സെന്റർ ചെയർമാൻ എന്നീ നിലകളിൽ ദീർഘകാല സേവനം, കരണ്ടോട് എൽപി സ്കൂളിലും നാദാപുരം ഗവ:യു പി സ്കൂളിലും അധ്യാപനം, കോഴിക്കോട് മസ്ജിദ് ശാദുലി യിലെ ഖത്വീബ് .... വേദോ പിനഷത്തുക്കളിൽ ആഴങ്ങളിലുള്ള അറിവും, സർവ്വ മതപ്രഭാഷണത്തിലുള്ള വേറിട്ട കഴിവും .. ഇങ്ങനെയെല്ലാം നിറഞ്ഞു നിന്ന ഒരു ധന്യജീവിതത്തിന്റെ ഉടമയായിരുന്നു റഹിം മൗലവി . 1964 ൽ കുറ്റ്യാടി ആസാദ് കലാ മന്ദിർ എന്ന സാമൂഹ്യ - സാസ്കാരിക സംഘടന രൂപീകരിച്ചപ്പോൾ അതിന്റെ പ്രധാന സാരഥികളിൽ ഒരാളായിരുന്നു മൗലവി. .നിരവധി നാടകങ്ങളും, കലാപരിപാടികളും, സാമൂഹ്യ പ്രവർത്തനങ്ങളും അവരുടെ നേതൃത്വത്തിൽ നടത്തിയിരുന്നു. അഡ്വ.സി.എം. അഹമ്മദ് കുട്ടി,
എം. സൈനുദിൻ മാസ്റ്റർ, ടി.കെ. ഇബ്രാഹീം മൗലവി, , ഹമീദ് ഷർവാനി, ബാലൻ പാറക്കൽ, സി.വി. കുട്ട്യാലി, അഹമ്മദ് ചാലി അഹമ്മദ്, ഒ.കണാരൻ , കെ.ഇ.ഇബ്രാഹിം, മൊയ്തു കണ്ണൻകോടൻ, ഹസ്സൻ കോയ പി.പി. അസ്സൻകുട്ടി, കെ.ഇ. ഹസ്സൻ, തുടങ്ങിയവർ ആസാദിന്റെ പിറകിൽ അണി നിരന്നു. 1990 കൾ വരെ കുറ്റ്യാടിയുടെ സംസ്കാരിക രംഗത്തെ പൊൻതുവലായിരുന്നു ഈ സംഘടന.
ശ്രദ്ധേയനായ മത സാസ്കാരിക പ്രാസംഗികനായിരുന്നു റഹിം മൗലവി. ഖുർആൻ, ബൈബിൾ, ഹൈന്ദവ ഗ്രന്ഥങ്ങൾ എന്നിവ ഏറെ മനസ്സിലാക്കുകയും അവയെപ്പറ്റി പ്രഭാഷണം നടത്തി ശ്രദ്ധ നേടുകയും ചെയ്തിരുന്നു. കുറ്റ്യാടിയിലെ സാമൂഹിക പരിഷ്കർത്താവും മഖ്ധൂം കുടുംബാഗവുമായ എം. അബ്ദുല്ലക്കുട്ടി മൗലവിയുടെയും മുസല്ലിയാരകത്ത് ഫാത്തിമയുടെയും മകനായി 1941 ലാണ് ഇദ്ദേഹം ജനിച്ചത്. നൂറോളം മാപ്പിള പാട്ടുകൾ രചിച്ചിട്ടുള്ള ഇദ്ദേഹം ഗീത - ബൈബിൾ, ഖുർആൻ സമന്വയ ദർശനം, ഖുർആനും പൂർവവേദങ്ങളും, ശാസ്ത്ര വിസ്മയങ്ങൾ ഖുർആനിൽ, സാൽവേഷൻ തുടങ്ങി പത്തോളം പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
► ജാസിർ കടമേരി
കിഴക്കിന്റെ മേലാപ്പിൽ വെണ്മയുടെ ഉയിർപ്പ് തെളിയും മുമ്പ് കാതിൽ രാമായണ ശ്ലോകങ്ങളുടെ ഇമ്പമാർന്ന സ്വരങ്ങൾ അരിച്ചിറങ്ങും. കാലങ്ങളായി ഇത് കേട്ടാണ് നാട് ഉണരുക. നാടിന് ഐശ്വര്യം പകർന്ന് നന്മയുടെ പ്രതിരൂപമായി ജീവിച്ച പ്രമുഖ കോൽക്കളി കലാകാരൻ കണ്ണൻ ഗുരുക്കളെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. പുലർച്ചെ നാല് മണിയാകുമ്പോഴേക്ക് 'നാട്ടുകാരുടെ കണ്ണേട്ടൻ' കുളിച്ചൊരുങ്ങി അദ്ദേഹത്തിന്റെ പ്രഭാത ഭക്ഷണമായ അപ്പവും പശുവിൻ നെയ് ഒഴിച്ച കഞ്ഞിയും കുടിച്ച് തൂവെള്ള വസ്ത്രമണിഞ്ഞ് വീട്ടുപടിക്കൽ വന്നിരിക്കും. പിന്നീടങ്ങോട്ട് മണിക്കൂറുകളോളം രാമായണം നല്ല ശബ്ദത്തിൽ ചൊല്ലും. കർക്കിടമാസമായാൽ ബാലകാണ്ഡം മുതൽ യുദ്ധകാണ്ഡം വരെ ആറുകാണ്ഡങ്ങൾ വായിക്കും. ചിങ്ങമാസത്തിൽ ഹരിനാമകീർത്തനവും കൃഷ്ണപ്പാട്ടും പാരായണം ചെയ്യും. ഗുരു മംഗലാട് വെള്ളവപ്പാട്ട് കടുങ്ങോൻ മൂപ്പനിൽ നിന്നാണ് കണ്ണൻ ഗുരുക്കൾ ഇതെല്ലാം പഠിച്ചെടുക്കുന്നത്. കൗമാരകാലത്ത് അഛൻ ഗുരുവായൂർ ക്ഷേത്ര സന്ദർശനത്തിടെ വാങ്ങിക്കൊടുത്ത എഴുത്തഛന്റെ 'ആധ്യാത്മ രാമായണമാണ്' കൈവശം ഇപ്പോഴുമുള്ളത്. മറ്റൊരു ഗുരുവായ കണാരൻ കോമരത്തിന്റെ കൈവശമുള്ള അതിപുരാതനമായ നാടൻ പാട്ടുകൾ അദ്ദേഹം പഠിക്കുകയും ഹൃദിസ്ഥമാമാക്കുകയും ചെയ്തു.
വടക്കൻപാട്ടിൽ കേളിപെറ്റ നാടാണല്ലോ കടത്തനാട്. വീരേതി ഹാസങ്ങളും വീരോപദനാങ്ങളുമാണ് വsക്കൻ പാട്ടുകളുടെ ഇതിവൃത്തം.ഇതിന്റെ ഉപവിഭാഗങ്ങളായ പുത്തൂരം പാട്ടുകള്‍, തച്ചോളിപ്പാട്ടുകള്‍, പുത്തരിയങ്കം, കന്നിക്കഥാപാട്ടുകൾ തുടങ്ങിയവ മുഴുവനും കണ്ണൻ ഗുരുക്കൾക്ക് മന:പാഠമായിരുന്നു. രണ്ട് മണിക്കൂറോളം അണമുറിയാതെ അദ്ദേഹം ചൊല്ലും. നാടൻ പാട്ടുകളുടെ വിജ്ഞാനകോശം എന്ന് അദ്ധേഹത്തെ നാട്ടുകാർ വിളിച്ചു. ഇവ അർത്ഥ സഹിതം ശ്രോധാക്കൾക്ക് വിവരിച്ചു കൊടുക്കാനും കണ്ണേട്ടൻ സമർത്ഥനായിരുന്നു. അദ്ദേഹം നേടിയെടുത്ത ഈ പ്രാഗൽഭ്യത്തെ കുറിച്ച് മലയാളം സർവ്വകലാശാല പ്രൊഫസർ ഡോ.കെ.എം ഭരതൻ പറയുന്നു: "ചെറുപ്പം മുതൽ ഹൃദിസ്ഥമാക്കിയ വടക്കൻപാട്ട്, കോൽക്കളിപ്പാട്ടിന്റെ വിവിധ വിഭാഗങ്ങളായ കുറത്തിപ്പാട്ട്, മംഗലം പാട്ട് എന്നിവ എൺപത് വയസ്സ് പിന്നിട്ടപ്പോഴും അദ്ദേ ഊർജസ്വലനായി പാടുന്നത് നമ്മെ അൽഭുതപ്പെടുത്തും. ശേഖരിച്ച പാട്ടുകൾ സ്വന്തമായി കൈപ്പടയിൽ എഴുതി വെക്കുകയും പിന്നീട് അവ പ്രിന്റ് ചെയ്ത് അമ്പലപ്പറമ്പിലും മറ്റും അദ്ദേഹം തന്നെ വിൽക്കുകയായിരുന്നു. തലമുറകളുടെ ചൂടും ചൂരുമുള്ള ഇത്തരം കലാപൈതൃകത്തെ സംരക്ഷിക്കാനും പുതിയ തലമുറക്ക് പകരാനുള്ള അദ്ദേഹത്തിന്റെ അഭിവാജ്ഞയും ഉത്സാഹവും എടുത്തു പറയേണ്ടതാണ്. അതിസമ്പന്നമായ കടത്തനാടിന്റെ പാട്ടുവഴക്കവും കലാ പാരമ്പര്യവുമാണ് അദ്ദേഹത്തെ ഈ രീതിയിൽ പരുവപ്പെടുത്തിയത്. കല്യാണം, പണപ്പയറ്റ്, ഉത്സവങ്ങൾ എന്നിവ അത് ഉപയോഗപ്പെടുത്താനുള്ള വേദിയായി മാറി"
കോൽക്കളിയിലും കോൽക്കളിപ്പാട്ടിലുമുള്ള അദ്ദേഹത്തിന്റെ പ്രാവീണ്യം പ്രശസ്തമാണ്. 'രാജസ്വരം കോൽക്കളി' മുഴുവനായും വശമുള്ള അപൂർവ്വം വ്യക്തികളിലൊരാളാണ് കണ്ണൻ ഗുരുക്കൾ. കണ്ണൂർ അറക്കൽ അലി രാജാവിന്റെ സ്ഥാനാരോഹണത്തിനായി പൈതൽ മരക്കാൻ 1850 കളിൽ ചിട്ടപ്പെടുത്തിയതെന്ന് പറയുന്ന കോൽക്കളിക്കളിക്ക് മതേതര പാരമ്പര്യം കൂടിയുണ്ട്. കല്യാണ വീടുകളിലും ഉത്സവപ്പറമ്പുകളിലും കണ്ണൻ ഗുരുക്കളുടെ കോൽക്കളി കാണാൻ നിരവധിയാളുകൾ സംഗമിക്കുമായിരുന്നു. തന്റെ പതിനേഴാം വയസ്സിൽ തുടങ്ങി എൺപതാം വയസ്സുവരെ കണ്ണൻ ഗുരുക്കൾ അത് നടത്തി പോന്നിരുന്നു. നൂറുകണക്കിന് ശിശ്വന്മാർ അദ്ദേഹത്തിനിന്നുണ്ട്.
വാനശാസ്ത്രത്തിലുള്ള അദ്ദേഹത്തിന്റെ പ്രാവീണ്യവും അനുഭവപരിചയവും സ്മരണീയമാണ്. ഉദയാസ്തമയ വ്യത്യാസങ്ങൾ, വെളുത്ത വാവ്, കറുത്ത വാവ് എന്നിവയുടെ അവസ്ഥാന്തരങ്ങളും സസൂക്ഷ്മം യാതൊരു സാങ്കേതിക വിദ്യയുടെയും സഹായമില്ലാതെ അദ്ദേഹം മനസ്സിലാക്കി. ഇവയുടെ അടിസ്ഥാനത്തിൽ അറബി മാസങ്ങൾ അദ്ദേഹം പ്രവചിക്കുമായിരുന്നു.ഇതുവരെ തെറ്റിയ അനുഭവമില്ലെന്ന് നാട്ടുകാർ പറയുന്നു. നോമ്പ്,പെരുന്നാൽ അടുത്തുവരുമ്പോൾ പ്രദേശത്തെ മുസ്ലിം സുഹൃത്തുകൾ വിവരമറിയാൻ കണ്ണേട്ടനെ തേടിയെത്തുമായിരുന്നു.
തണ്ണീർപന്തൽ ശ്രീ അയ്യപ്പ ക്ഷേത്രത്തിന്റെ എക്സിക്യൂട്ടീവ് മെമ്പറായിരുന്ന കണ്ണേട്ടൻ വർഷങ്ങളോളം ക്ഷേത്രത്തിൽ ഹരിനാമകീർത്തനം ചൊല്ലിയിരുന്നു.രണ്ട് കിലോമീറ്റർ അകലെയുള്ള ക്ഷേത്രത്തിൽ രാവിലെ നടന്നാണ് പോവുക.
കല്ലുവെട്ടായിരുന്നു മുഖ്യ തൊഴിൽ. അതു കഴിഞ്ഞാൽ കന്നുകാലികളെ വളർത്തലിലും, കൃഷിയിലുമായി മുഴുകും.നാട്ടിലെ മതചടങ്ങുകൾ, വിവാഹം, പണപ്പയറ്റ് എന്നിവയിൽ ജാതിമതഭേദമന്യേ കണ്ണേട്ടന്റ കാർമികത്വവും നിറസാന്നിദ്ധ്യവുമുണ്ടാകും. കുശലാന്വേഷണങ്ങൾ ചോദിച്ചും, അശരണരെ സാഹായിച്ചും അദ്ദേഹം നാട്ടുകരുടെ പ്രിയപ്പെട്ട 'കണ്ണേട്ടനാ'യി മാറി. കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് എന്നും ആഭിമുഖ്യം പുലർത്തിയിരുന്നു. 'തച്ചോളി ഒതേനൻ പൊന്നിയൻ പടയ്ക്ക് പോയ പാട്ട് കഥ',' വാണിയക്കുറൂള്ളി കുഞ്ഞി ചെക്കോൻ', 'കോൽക്കളിപ്പാട്ട്', ' തച്ചോളി ഒതേനനും തച്ചോളി ചന്തുവും വയനാടൻ കോട്ടക്ക് പോയ കഥ', പൂമാതയ് പൊന്നമ്മയുടെ പാട്ടുകഥ', 'നാദാപുരം കുട്ടി കുഞ്ഞിക്കണ്ണൻ വടക്കൻ പാട്ട്', 'ആറ്റും മണമ്മേൽ ഉണ്ണിയാർച്ച കൂത്ത് കാണ്മാൻ പോയ പാട്ട് കഥ'..തുടങ്ങിയ കൃതികൾ അദ്ദേഹം രചിച്ചു.2014 ലെ ഫോൾക്ക് ലോർ അക്കാദമി പുരസ്കാരമടക്കം നിരവധി നേട്ടങ്ങളും അവാർഡുകളും ഏറ്റുവാങ്ങിയിട്ടുണ്ട്. നവകേരള യാത്രയോടനുബന്ധിച്ച് പിണറായി വിജയൻ പൊന്നാടയണിയിച്ച് ആദരിച്ചിരുന്നു. കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി, കേരള മാപ്പിള കലാ അക്കാദമി, കേരള ഫോൾക്ക്ലോർ അക്കാദമി തുടങ്ങിയവയുടെ പുരസ്കാരങ്ങളും വ്യത്യസ്ഥ സംഘടനകളുടേതായി ഇരുപതോളം പുരസ്കാരങ്ങളും അദ്ധേഹം ഏറ്റുവാങ്ങി.
1106 തുലാം 22 നാണ് ജനിച്ചതെന്ന് പറയപ്പെടുന്നു. നാടോടിപ്പാട്ടിന്റെയും കോൽക്കളിപ്പാട്ടിന്റെയും സൂക്ഷിപ്പുകാരൻ ശനിയാഴ്ച്ച രാത്രി ഒമ്പതോടെ നാടിനെ ദുഃഖത്തിലാഴ്ത്തി വിടവാങ്ങി.
Subscribe to our email newsletter