21
Tuesday
September 2021

21
Tuesday
September 2021

വാർത്ത

നാദാപുരത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സി പി എം നീക്കം ചെറുക്കും : യു ഡി എഫ്

2nd of April 2021

നാദാപുരം:   നിയോജകമണ്ഡലത്തിലെ വോട്ടർപട്ടികയിൽ വ്യാപക  ക്രമക്കേടുകൾ നടത്തി തെരഞ്ഞെടുപ്പ് അട്ടിമറി ക്കാനാണ് സി പി എം കാലാ കാലങ്ങളായി  ശ്രമിക്കുന്നതെന്നും ഇത്തവണ എന്ത് വില കൊടുത്തും ഇത് തടയുമെന്നും യു ഡി എഫ് നേതാക്കൾ നാദാപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വോട്ടർ പട്ടിക  സംബന്ധിച്ച്  നേരത്തെ യു.ഡി.എഫ് ഉന്നയിച്ച ആരോപണങ്ങൾ സത്യമാണെന്ന് തെളിഞ്ഞിട്ടുണ്ട്.  ഇരട്ട വോട്ടുകളും കള്ള വോട്ടുകളും  നിറച്ച്  നാദാപുരം നിയോജക മണ്ഡലത്തിലെ വോട്ടർ പട്ടിക കേരളത്തിലെ തന്നെ ഏറ്റവും കളങ്കിതമായ പട്ടികയായി മാറിയിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയെ തുടർന്ന് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഉദ്യോഗസ്ഥ തലത്തിൽ ചില നീക്കങ്ങൾ നടക്കുന്നുണ്ടെങ്കിലും അത് കാര്യക്ഷമമല്ല.  നാദാപുരം നിയോജക മണ്ഡലത്തിൽ 6170 വോട്ടർമാർക്ക്  ഇരട്ട ബോട്ടുകളുണ്ട്. ഇത് വ്യക്തമാക്കുന്ന രേഖകൾ ഇതിനകം യു.ഡി.എഫ് പുറത്തുവിട്ടിട്ടുണ്ട്. ഇടതുമുന്നണിയുടെ ശക്തികേന്ദ്രങ്ങളിൽ കാണുന്ന ഇത്തരം വോട്ടുകളുടെ വൻ വർദ്ധനവ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. നരിപ്പറ്റ പഞ്ചായത്തിലെ കൈവേലി ഉൾപ്പെടുന്ന സിപിഎം ശക്തി കേന്ദ്രമായ 95, 96, 97, 98 ബൂത്തുകളിൽ മാത്രം 67 പേർ അതേ മണ്ഡല ത്തിലെ മറ്റു ബൂത്തു കളിലും 32 പേർ മറ്റ് മണ്ഡലങ്ങളിലുമായി മൊത്തം 99 പേർ ഇരട്ട വോട്ട് ഉള്ളവരാണ്. പട്ടികയിൽ പേരുണ്ട് 
എന്ന കാരണം പറഞ്ഞ് സിപിഎം ശക്തി  കേന്ദ്രങ്ങളിൽ ഇത്തരം എല്ലാ വോട്ടുകളും ചെയ്യപ്പെടുന്നത് തടയാൻ ആവശ്യമായ യാതൊരു നടപടിയും കൃത്യനിഷ്ഠയോടെ ഇതുവരെ ചെയ്തിട്ടില്ല. ഇത് സംബന്ധിച്ച് കോഴിക്കോട് ജില്ലാ കലക്ടർക്കും റിട്ടേണിങ് ഓഫീസർക്കും വ്യക്തമായ പരാതി നൽകിയിട്ടുണ്ട്.  എടച്ചേരി പഞ്ചായത്തിലെ ഒന്നാം നമ്പർ ബൂത്തിൽ 118 ഓളം വോട്ടർമാർ 
ആ ബൂത്തിലോ  പഞ്ചായത്തിലോ  ഇല്ലാത്തവരാണ്. 
ഈ വോട്ടർമാർ ആരാണെന്ന് പോലും ഇതുവരെയും ആർക്കും ബോധ്യമായിട്ടില്ല. പ്രസ്തുത ബൂത്തിലെ 
ബി എൽ ഒ ആയി പ്രവർത്തിക്കുന്ന സി.പി.എമ്മിന്റെ  ഇരിങ്ങണ്ണൂർ  ലോക്കൽ സെക്രട്ടറിയുടെ തെറ്റായ പ്രവർത്തനത്തെപ്പറ്റി ഇതിനകം  യു.ഡി.എഫ് പരാതിപെട്ടെങ്കിലും നടപടി ഉണ്ടായില്ല. നാദാപുരം നിയോജകമണ്ഡലത്തിലെ സ്വതന്ത്രമായ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സി.പി.എം ഉദ്യോഗസ്ഥ ഗൂഢാലോചനയുടെ ഭാഗമാണ് ഇതെന്ന് സംശയിക്കുന്നു. നാദാപുരം മണ്ഡലത്തിൽ  യുഡിഎഫ് ഇത്തവണ വൻ വിജയം നേടുമെന്നും  കള്ള വോട്ടുകൾ തടയാൻ ഏതറ്റം വരെയും പോകുമെന്നും  നേതാക്കൾ വ്യക്തമാക്കി. 
സ്ഥാനാർത്ഥി അഡ്വ. കെ പ്രവീൺ കുമാർ, നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ അഹമ്മദ് പുന്നക്കൽ, തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സൂപ്പി നരിക്കാട്ടേരി, ജനറൽ കൺവീനർ അഡ്വ:  
കെ എം രഘുനാഥ്, ഡി.സി.സി വൈസ് പ്രസിഡണ്ട് പി കെ ഹബീബ്, നിയോജക മണ്ഡലം മീഡിയ കോർഡിനേറ്റർ എം കെ അഷ്റഫ് എന്നിവർ  വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Related UPdates