19th of January 2022
വടകര: അബൂദാബിയിൽ ജോലി ചെയ്യുന്ന വടകര സ്വദേശി അനുനന്ദക്ക് യു എ ഇ സർക്കാറിൻ്റെ ഗോൾഡൺ വിസ ലഭിച്ചത് നാടിനഭിമാനമായി. അവതരണത്തിലും ആലാപനത്തിലും മികവ് പുലർത്തിയ അനുനന്ദ അബൂദാബി പ്രവാസി ഭാരതി റേഡിയോയിൽ ജോലി ചെയ്തു വരികയാണ്.
സ്കൂൾ കലോത്സവങ്ങളിലെ വിജയ നേട്ടങ്ങളുടെ തുടർച്ചയാണ് അനുനന്ദയെ ഗോൾഡൻ വിസ നേടിയവരുടെ പട്ടിക യിലെത്തിച്ചത്.
പഠന കാലത്ത് സ്കൂൾ കലോത്സവ വേദികളിലെ നിറ സാനിദ്ധ്യവും, മിന്നും താരവുമായിരുന്നു അനുനന്ദ. എൽ.പി തലം മുതൽ ഹയർ സെക്കൻ്ററി വരെ വടകര ഉപജില്ലാ കലാതിലകമായിരുന്നു.
ഭരതനാട്യം , മോഹിനിയാട്ടം, കഥാപ്രസംഗം , ലളിതഗാനം ,മലയാള പദ്യം എന്നിവയിൽ ഒന്നാം സ്ഥാനത്തോടെ കോഴിക്കോട് റവന്യൂജില്ലാ കലാ തിലകമായി. സംസ്കൃതോത്സവത്തിൽ ജില്ലയിലെ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കഥാപ്രസംഗം ,ലളിതഗാനം മലയാള പദ്യം എന്നിവയിൽ വിവിധ വർഷങ്ങളിലായി സംസ്ഥാന കലോത്സവത്തിൽ തിളക്കമാർന്ന വിജയം.
കഥാപ്രസംഗം ,മലയാള പദ്യം എന്നിവയിൽ ഹയർ സെക്കൻ്ററി വിഭാഗത്തിൽ ഒന്നാം സ്ഥാനം.
കോഴിക്കോട് ദേവഗിരി കോളേജിൽ ബിരുദ പഠന കാലയളവിൽ ബി സോൺ കലാതിലകം.
ദേവഗിരി കോളേജിന് സർവകലാശാലാ ചാമ്പ്യൻ പട്ടംനേടിക്കൊടുക്കുന്നതിൽ വലിയ പങ്കു വഹിച്ചു.
കുരുക്ഷേത്ര യൂണിവേഴ് സിറ്റിയിൽ വെച്ച് നടന്ന അഖിലേന്ത്യാ സർവകലാശാല ഫെസ്റ്റിവലിൽ ഒന്നാം സ്ഥാനം നേടിയ ദേവഗിരി കോളേജിലെ ഗാനമേള ടീമംഗമായിരുന്നു.
ഫറോക്ക് കോളേജിലെ ബിരുദാനന്തര ബിരുദ പഠന സമയത്ത് തുടർച്ചയായി രണ്ട് വർഷംകോഴിക്കോട് സർവകലാശാലാ കലാ തിലകമായിരുന്നു.
തുടർച്ചയായി 5 വർഷം കോഴിക്കോട് സർവകലാശാലാ കലോത്സവത്തിൽ കഥാപ്രസംഗം , ഏകാഭിനയം എന്നിവയിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. കൈരളി ടി. വി.യുടെ മാമ്പഴം റിയാലിറ്റി ഷോയിലെ വിന്നർ. മീഡിയാ വൺ ചാനൽ മാപ്പിള പ്പാട്ട് റിയാലിറ്റി ഷോ ആയ പതിനാലാം രാവിൽ മികച്ച നേട്ടത്തിനുടമ .
മലയാളത്തിലെ ഒട്ടുമിക്ക ദൃശ്യമാധ്യമങ്ങളിലും അവതാരകയായി. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത പൂമരം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.
എം. മുകുന്ദൻ്റെ കിളി വന്നു വിളിച്ചപ്പോൾ സിനിമയിൽ കെ. ജയകുമാർ രചിച്ച് എസ്.പി വെങ്കിടേഷ് ഈണം പകർന്ന 2 പാട്ടുകൾ പാടിക്കൊണ്ട് പിന്നണി ഗായികയായി. റിലീസിനൊരുങ്ങുന്ന എ.ജി.രാജൻ സംവിധാനം നിർവഹിച്ച കണ്ണാടി എന്ന സിനിമയിൽ ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് സതീഷ് വിനോദ് ഈണമിട്ട ഗാനം ആലപിച്ചിട്ടുണ്ട്.
കഴിഞ്ഞ 3 വർഷമായി അബുദാബിയിലെ പ്രവാസി ഭാരതി എ.എം റേഡിയോവിൽ റേഡിയോ പ്രസൻ്ററായി ജോലി ചെയ്തുവരുന്നു.
ഭർത്താവ് സംഗീത് മനോഹർ അബുദാബിയിൽ സിവിൽ എഞ്ചിനീയറാണ്.
അച്ഛൻ: വേണു കക്കട്ടിൽ, അമ്മ: എ.വി. രത്ന വല്ലി.
സഹോദരി: ഡോ. ആര്യാമിത്ര ആർ.വി.
സലാല: കോഴിക്കോട് ചെറുവണ്ണൂർ കക്കരമുക്ക് സ്വദേശി നിത്തൽ തറമേൽ മൊയ്തീനാണ് മരിച്ചത്. അമ്പത്തിയാറ് വയസ്സയിരുന്നു.സലാല സാദയിലെ ഖദീജ മസ്ജിദിൽ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. ആരാണ് വെടി വെച്ചതെന്ന് വ്യക്തമല്ല. മൃതദേഹത്തിന് സമീപം വലിയൊരു തോക്കും കണ്ടെത്തിയിട്ടുണ്ട്. പോലിസ് സ്ഥലത്തെത്തി വിശദമായ അന്വേഷണം നടത്തുകയാണ്. ഈ പള്ളിയിൽ നമസ്കാരം നിർത്തി വെച്ചിട്ടുണ്ട്.
© യു.കെ റാഷിദ് ജാതിയേരി ഫുജൈറ
ദുബൈ: യു.എ.ഇയിൽ പുതിയ വിസ നിയമത്തിന് സർക്കാർ അംഗീകാരം നൽകി. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ യു.എ.ഇ മന്ത്രിസഭയാണ് ഭേദഗതിക്ക് അംഗീകാരം നൽകിയത്. ഗോൾഡൻ വിസക്കാർക്കും ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. പത്തുവർഷത്തെ ഗോൾഡൻ വിസയുള്ളവർ നിശ്ചിത കാലം യു.എ.ഇയിൽ തങ്ങണമെന്ന് നിർബന്ധമില്ല. പ്രായപരിധിയില്ലാതെ മക്കളെയും കുടുംബാംഗങ്ങളെയും സ്പോൺസർ ചെയ്യാനും അവസരം നൽകും. കൂടുതൽ മേഖലയിലേക്ക് ഗോൾഡൻ വിസ വ്യാപിപ്പിക്കാനും യു.എ.ഇ തീരുമാനിച്ചു. പത്തു വർഷത്തെ ഗോൾഡൻ വിസ നേടുന്നവർ എത്ര വർഷം യു.എ.ഇക്ക് പുറത്ത് താമസിച്ചാലും വിസ റദ്ദാകില്ല. നിലവിൽ ഗോൾഡൻ വിസക്കാർ ആറു മാസത്തിലധികം യു.എ.ഇക്ക് പുറത്തുതാമസിച്ചാൽ വിസ റദ്ദാകും എന്നായിരുന്നു വ്യവസ്ഥ. ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തെ പ്രായപരിധിയില്ലാതെ സ്പോൺസർ ചെയ്യാനും കഴിയും. ഗോൾഡൻ വിസക്കുള്ള എൻട്രി പെർമിറ്റ് നൽകിയാൽ റെസിഡന്റ് വിസയിലേക്ക് മാറാൻ ആറുമാസം സമയം ലഭിക്കും. ഗോൾഡൻ വിസയിലുള്ളവർ മരിച്ചാൽ അവരുടെ ബന്ധുക്കൾക്ക് പത്തുവർഷത്തെ വിസ കാലാവധി കഴിയുന്നത് വരെ യു.എ.ഇയിൽ തങ്ങാനാകും. ഒരു ഗ്യാരന്ററോ സ്പോൺസറോ ഇല്ലാതെ അഞ്ചുവർഷത്തേക്ക് പുതുക്കാവുന്ന വിസ നൽകും. മാനവവിഭവശേഷി മന്ത്രാലയമാണ് ഈ വിസ നൽകുക. ഗോൾഡൻ വിസയുള്ളവർക്ക് എത്ര പേരെ വേണമെങ്കിലും ജോലിക്കാരായി നിയമിക്കാം.
ദുബായ്: വൻ അവസരങ്ങൾക്ക് വഴിയൊരുക്കി 'ദുബായ് നെക്സ്റ്റ്' പദ്ധതിക്ക് തുടക്കം. എക്സ്പോയ്ക്ക് ശേഷമുള്ള പദ്ധതിക്ക് ആണ് ദുബായ് തുടക്കം കുറിച്ചിരിക്കുന്നത്. മികച്ച ആശയങ്ങൾ ഉണ്ടെങ്കിൽ ക്രൗഡ് ഫണ്ടിങ്ങിലൂടെ മൂലധനം സമാഹരിക്കാനാവുന്നതാണ് പദ്ധതി. 12 വയസിന് മുകളിൽ ഉള്ള വിദ്യാർഥികൾ ആയ എല്ലാവർക്കും പങ്കെടുക്കാം. സ്വദേശികൾക്ക് മാത്രമല്ല വിദേശികൾക്കും അവസരം നൽക്കുന്നുണ്ട്.
എക്സ്പോയിൽ ശ്രദ്ധേയമായ പുതിയ ആശയങ്ങളുടെ അടിസ്ഥാനത്തിലുള്ള സംരംഭങ്ങൾക്ക് സാധ്യതകളേറെയാണ്.
സംരംഭങ്ങൾ തുടങ്ങാൻ പൊതുജനങ്ങളിൽ നിന്ന് പണം സ്വരൂപിക്കാൻ ക്രൗഡ് ഫണ്ടിങ് സംവിധാനമൊരുക്കുന്നുണ്ട്. ഇതിന് ആവശ്യമായ സാങ്കേതിക വിദ്യകൾ, മാർഗ നിർദേശങ്ങൾ എല്ലാം പോർട്ടലിൽ ലഭ്യമാക്കും. വിവരങ്ങൾക്ക്: www.dubainext.ae. എന്ന വെബ്സെെറ്റ് സന്ദർശിക്കാവുന്നതാണ്. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് പദ്ധതിക്ക് തുടക്കമിട്ടത്. 1,570 ആശയങ്ങളാണ് ഒരു വർഷത്തിനുള്ളിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ 62 എണ്ണം അംഗീകാരം നേടി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. 398 പേർ മൂലധനനിക്ഷേപം നടത്തുകയും ചെയ്തിട്ടുണ്ട്
ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന പദ്ധതിയാണ് ഇത്. ഇന്ത്യയടക്കം 27 രാജ്യങ്ങളിൽ നിന്നുള്ള 85 സ്റ്റാർട്ടപ്പുകളും ചെറുകിട സംരംഭങ്ങളും ആണ് ഈ വർഷം ദുബായിൽ ആരംഭിക്കാൻ ഇരിക്കുന്നത്. വലിയ ജോലി സാധ്യതയാണ് ഇതിലൂടെ വരുന്നത്. കൂടാതെ നിരവധി കമ്പനികൾ മൂലധന നിക്ഷേപത്തിനായി എത്തിയിട്ടുണ്ട്
അപേക്ഷിക്കേണ്ട മാനദണ്ഡങ്ങൾ ഇങ്ങനെയാണ്.
കലകൾ, സിനിമകൾ, ആരോഗ്യം, വ്യവസായം, ഭക്ഷണം, സാങ്കേതികരംഗം സ്പോർട്സ് തുടങ്ങിയ വ്യത്യസ്ത മേഖലകളിലെ ആശയങ്ങളുമായി സമീപിക്കാം. ആശയം രാജ്യാന്തര ശ്രദ്ധയിൽ പെടുത്തുകയും മൂലധന സമാഹരണത്തിന് അവസരമൊരുക്കുകയും ചെയ്യും. സർക്കാർ ഏജൻസികളുടെ സഹായമുണ്ടാകും. പദ്ധതിയെ കുറിച്ച് സമഗ്ര രൂപരേഖ നൽകണം. സാമ്പത്തിക ഇടപാടുകൾ തീർത്തും നൽകണം. ആശയം സമർപ്പിച്ച് അത് സംരംഭമായി മാറാതിരുന്നാൽ മുടക്കിയ പണം തിരികെ ലഭിക്കും.
മസ്കത്ത് : കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി ഒമാൻ. രാജ്യത്തേക്ക് വരുന്നവർക്കുള്ള ആർ.ടി.പി.സി.ആർ പരിശോധന മാർച്ച് ഒന്ന് മുതൽ നിർബന്ധമില്ലെന്ന് കോവിഡ് അവലോകന സുപ്രീം കമ്മിറ്റി അറിയിച്ചു. രണ്ട് ഡോസ് വാക്സിൻ എടുത്തവരെയാണ് ആർ.ടി.പി.സി.ആർ പരിശോധനയിൽ നിന്ന് ഒഴിവാക്കിയത് .
പൊതു ഇടങ്ങളിൽ ഇനി മാസ്ക് നിർബന്ധമല്ല. അതേസമയം, അടച്ചിട്ട മുറികളിൽ നടക്കുന്ന പരിപാടികൾക്കും മറ്റും നിർബന്ധമാണ്. ഹാളുകളിലും മറ്റും നടക്കുന്ന എക്സിബിഷനുകൾക്ക് മുൻ നിശ്ചയപ്രകാരം 70 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാൻ പാ ടുള്ളൂ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ 100 ശതമാനം ശേഷിയോടെ പ്രവർത്തിക്കാനും അനുവാദം നൽകി. യാത്രക്കാർ അംഗീകൃത കോവിഡ്-19 വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം. 2022 മാർച്ച് 1 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും.
ദോഹ: ഖത്തറിലെ ഇന്ത്യൻ ഫിസിയോ തെറാപ്പിസ്റ്റുകളുടെ കൂട്ടായ്മയായ ഐ പി എഫ് ക്യൂ 2022-2024 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഷമീം അലി ടി കെ ഉപദേശകസമിതി ചെയർമാൻ, മുഹമ്മദ് ഷാഫി പ്രസിഡണ്ട്, ബിജു നിർമൽ ജനറൽ സെക്രട്ടറി, അരുൺ ക്രിസ്റ്റഫർ വൈസ് പ്രസിഡണ്ട്, നിവേദിത വിശ്വനാഥൻ ജോയിന്റ് സെക്രട്ടറി, ഷാഹിർ എം ടി ട്രെഷറർ എന്നിവരെ കോർ കമ്മിറ്റി അംഗങ്ങളായും മുഹമ്മദ് ഹുസൈൻ, നളിൻ കൊത്താരി, സുൾഫിക്കർ സി കെ, മുഹമ്മദ് ഷജിത്, പ്രിയങ്ക് ജെയിൻ, റോഷ്ന മധുർ എന്നിവരെ മാനേജിങ് കമ്മിറ്റി ഭാരവാഹികളായും തിരഞ്ഞെടുത്തു.
11/02/2022 വെള്ളിയാഴ്ച മാഗ്നം ഹോട്ടൽ ദോഹയിൽ വെച്ചു നടന്ന ജനറൽ ബോഡി യോഗത്തിൽ കഴിഞ്ഞ കാലയളവിലെ റിപ്പോർട്ടുകൾ അവതരിപ്പിക്കുകയും ഭാവിപരിപാടികൾക്ക് പ്രാഥമിക രൂപരേഖ തയ്യാറാക്കുകയും ചെയ്തു .
പുതിയ കാലയളവിൽ സമൂഹത്തിനും വിശിഷ്യാ ഇന്ത്യക്കാരുടെ ആരോഗ്യസംരക്ഷണ മേഖലയിലും വൈവിധ്യങ്ങളായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് പ്രസിഡണ്ട് അറിയിച്ചു.
ആരോഗ്യബോധവത്കരണ പരിപാടികൾ , സാമൂഹ്യപ്രവർത്തങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ, കായിക പരിപാടികൾ തുടങ്ങിയ പ്രവർത്തനങ്ങളിൽ മറ്റു സംഘടനകളുമായും സാമൂഹ്യ കൂട്ടായ്മകളുമായും സഹകരിച്ചു മുന്നോട്ട് പോകുമെന്ന് ജനറൽ സെക്രട്ടറി പറഞ്ഞു.
2011 മുതൽ ഖത്തറിൽ ആരോഗ്യബോധകരണം, മെഡിക്കൽ ക്യാമ്പുകൾ തുടങ്ങിയ സേവനപ്രവർത്തനങ്ങളുമായി സ്തുത്യർഹമായ സജീവസാനിധ്യമാണ് ഐ പി ഫ് ക്യൂ.
കുവൈത്ത് സിറ്റി: പ്രമുഖ ഗോള ശാസ്ത്രഞൻ സാലിഹ് അൽ ഉജൈരി അന്തരിച്ചു. അറബ് രാജ്യത്തെ പ്രശസ്ത കാലാവസ്ഥ നിരീക്ഷകനായ സാലിഹ് അൽ ഉജൈരി ഗോള ശാസ്ത്രവുമായി ബന്ധപ്പെട്ട നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. 102 വയസ്സായിരുന്നു.
കാലാവസ്ഥ പ്രവചന കൃത്യതയിലൂടെ ഏറെ ശ്രദ്ധേയനായ അദ്ദേഹത്തെ കുവൈത്ത് യൂനിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകി ആദരിച്ചിട്ടുണ്ട്.
1920 ൽ കുവൈത്തിലെ ഷര്‍ഖിലാണ് സാലിഹ് ഉജൈരിയുടെ ജനനം.
മസ്കത്ത്: ഒമാനില്‍ തൊഴിലുടമകള്‍ക്ക് തങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്ന പ്രവാസി ജീവനക്കാരുടെ തൊഴില്‍ കരാറുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി നീട്ടി നല്കി .കഴിഞ്ഞദിവസം തൊഴില്‍ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കുകയായിരുന്നു.
വ്യവസായ സ്ഥാപന ഉടമകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രവാസി ജീവനക്കാരുടെ തൊഴില്‍ കരാറുകളുടെ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ അനുവദിച്ചിരുന്ന സമയപരിധി 2022 ജനുവരി 31 വരെ നീട്ടിയതായാണ് സാമൂഹിക മാധ്യമങ്ങളിലൂടെ നല്കിയ ഔദ്യോഗിക പ്രസ്താവന വ്യക്തമാക്കുന്നത്. നേരത്തെ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ഡിസംബര്‍ 31 വരെയായിരുന്നു തൊഴില്‍ കരാറുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയ്യതി.
തൊഴിൽ കരാർ രജിസ്റ്റർ ചെയ്യുന്നതിന്നുള്ള നടപടി ക്രമങ്ങൾ
തൊഴിലുടമയോ തൊഴിലാളിയോ ആർ.ഒ.പിയുടെ സിവിൽ സെന്ററിലെത്തി പി.കെ.ഐ (ആറക്ക നമ്പർ) രജിസ്റ്റർ ചെയ്യുക.
ഈ നമ്പറും തൊഴിലുടമയുടെ പി.കെ.ഐ നമ്പറും ഉപയോഗിച്ച് കമ്പനികളാണ് കരാർ മിനിസ്ട്രി ഓഫ് മാൻ പവർ ഒമാന്റെ ഔദ്യോഗിക വെബ്സൈറ്റായ www.mol.gov.omൽ രജിസ്റ്റർ ചേയ്യേണ്ടത്. ഏതെങ്കിലും സനദ്സെന്റർ മുഖേനയോ കാർഡ് റീഡർ ഉള്ള കമ്പ്യൂട്ടർ മുഖേനയോ തൊഴിൽ കരാർ രജിസ്റ്റർ ചെയ്യാൻ സാധിക്കും.
തൊഴിലുടമ മേൽപറഞ്ഞ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് തൊഴിലാളിയുടെ വിവരങ്ങൾ നൽകാം. ശമ്പളം, തൊഴിൽ സമയം, വാർഷിക അവധി, അടിസ്ഥാന ശമ്പളം, മുഴുവൻ സാലറി, മറ്റ് അലവൻസുകൾ എന്നിവ സമർപ്പിക്കണം. ഇതിന് ശേഷം ആറക്ക പിൻനമ്പർ എടുത്തിട്ടുള്ള റസിഡന്റ് കാർഡ് വഴി തൊഴിലാളിയുടെ സിവിൽ ഐ.ഡി ഉപയോഗിച്ച് മാത്രമേ ഈ തൊഴിൽ കരാറിന് അംഗീകാരം നൽകാൻ കഴിയുകയുള്ളൂ.
ദോഹ: ഖത്തറിൽ യുവതി ഷോക്കേറ്റ് മരിച്ചു. നാദാപുരം വാണിമേലിലെ ചെന്നാട്ട് കോപ്പ നാംകണ്ടി സുബൈർ - ഖമർ ലൈല ദമ്പതികളുടെ മകൾ ലഫ്സിന (28) യാണ് ഇന്നലെ താമസ സ്ഥലത്ത് ഷോക്കേറ്റ് മരിച്ചത്.
ദോഹയിൽ വ്യാപാരിയായ മീത്തലെ പീടികയിൽ സഹീറിൻ്റെ ഭാര്യയാണ്.
മക്കൾ: അദാൻ മുഹമ്മദ് സഹീർ, ഐദ ഖദീജ, ഐദിൻ ഉസ്മാൻ.
ഉമ്മുല്‍ഖുവൈന്‍: കെപി ഗ്രൂപ്പിന് കീഴിലുള്ള കെപി ചായ് ബ്രാന്റിന്റെ യുഎഇയിലെ എട്ടാമത്തെ ശാഖ ഉമ്മുല്‍ഖുവൈനിലെ ഫലജ് അല്‍ മുഅല്ലയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ദുബൈ സാമ്പത്തിക വികസന വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് ഹസന് മൂസ ഉദ്ഘാടനം ചെയ്തു. പ്രമുഖ പണ്ഡിതന്മാരായ കായക്കൊടി ഇബ്രാഹിം മുസ്ല്യാര്‍, പേരോട് അബ്ദുറഹ്മാന് സഖാഫി, പൗര പ്രമുഖന് ഹസന് ഇബ്രാഹിം ഹൗക്കല്, കെപി ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ കെ.പി മുഹമ്മദ്, മുഹമ്മദ് അസ്ഹരി, കെ.പി ആഷിഖ്, പി.മുഹമ്മദലി, സമീര്‍ പാലേരി, നൗഫല്‍, നൗഷാദ്, ജയരാജ്, മുബഷിര്‍ അബ്ദുറഹ്മാന് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
കുറഞ്ഞ കാലയളവില്‍ തന്നെ വന്‍ ജനസ്വീകാര്യത നേടിയ ബ്രാന്റാണ് വിവിധ ഫ്ളേവറുകളില്‍ സ്വാദിഷ്ഠ ചേരുവകളാല്‍ തയാറാക്കപ്പെടുന്ന കെപി ചായ്. ഫ്രഷ് മില്‍ക് സഅഫ്റാന്‍, കപ്പൂചിനോ എന്നിയടക്കം നിരവധി വെറൈറ്റികള്‍ കെപി ചായ് ബ്രാന്റിലുണ്ട്. കെപി ചായ് സ്പെഷ്യല്‍ ബര്‍ഗറിന് പുറമെ, പെരി ബര്‍ഗര്‍, പെരി ക്ളബ്, പെരി റാപ് തുടങ്ങിയ ഇനങ്ങളും വ്യത്യസ്ത സാന്റ്വിച്ചുകളും ലഭ്യമാണ്.
ദോഹ : ഖത്തറിൽ ചിലയിടങ്ങളിൽ താപനില 2 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു; കാറ്റും തണുപ്പും ഇനിയും തുടരും. ശക്തമായ കാറ്റിന്റെ ആഘാതം മൂലം ദുഖാനിലും ഉമ്മുബാബിലും പ്രത്യക്ഷ താപനില 2 ഡിഗ്രി സെൽഷ്യസായി കുറഞ്ഞതായും കനത്ത തണുപ്പ് അനുഭവപ്പെട്ടതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വായുവിന്റെ താപനില, ആപേക്ഷിക ആർദ്രത, കാറ്റിന്റെ വേഗത എന്നിവയുടെ സംയോജിത ഫലങ്ങളാൽ മനുഷ്യർക്ക് നേരിട്ട് അനുഭവപ്പെടുന്ന താപനിലയാണ് പ്രത്യക്ഷ താപനില.
അതേസമയം രാജ്യത്ത് ശക്തമായ കാറ്റ് ശനിയാഴ്ചയും തുടരുമെങ്കിലും മുൻ ദിവസങ്ങളെ അപേക്ഷിച്ച് തീവ്രത കുറയുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. തണുപ്പേറിയ കാലാവസ്ഥ അടുത്ത ആഴ്ച്ച പകുതി വരെ തുടരും. പ്രത്യേകിച്ച് തെക്കൻ പ്രദേശങ്ങളിൽ 6 ഡിഗ്രി സെൽഷ്യസ് വരെ തണുപ്പ് കുറയും.
അടുത്ത 2 ദിവസത്തേക്ക് കൂടി സമുദ്രമേഖലയിൽ മുന്നറിയിപ്പ് നിലനിൽക്കും.
ദുബൈ : 2022 ലെ ആദ്യ ആറ് മാസത്തിനുള്ളില്‍ യുഎഇയിലെ 65 ശതമാനം ജീവനക്കാരും പുതിയ ജോലി തേടാന്‍ പദ്ധതിയിടുന്നതായി റിക്രൂട്ട്മെന്റ് കണ്‍സള്‍ട്ടന്‍സി റോബര്‍ട്ട് ഹാഫ്. ബിസിനസുകള്‍ റിക്രൂട്ട്മെന്റ് പ്ലാനുകള്‍ ത്വരിതപ്പെടുത്തുകയും തൊഴില്‍ വിപണി കൊവിഡിന് മുമ്പുള്ള തലത്തിലേക്ക് മടങ്ങുകയും ചെയ്യുന്നതിനാലാണ് പുതിയ ജോലികള്‍ തേടാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്.
2021 അവസാനത്തോടെ പുതിയ ജോലികള്‍ തേടിയ 31 ശതമാനം തൊഴിലാളികള്‍ക്ക് പുറമെ 15 ശതമാനം പേരും 2022 ന്റെ ആദ്യ പാദത്തില്‍ പുതിയ ജോലിക്കായുള്ള അന്വേഷണം ആരംഭിക്കും. ഡിസംബര്‍ 15 നും 20 നും ഇടയില്‍ യുഎഇയിലെ 500 ജീവനക്കാരില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പ് പ്രകാരം, ഈ വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 19 ശതമാനം പേര് പുതിയ ജോലി തേടും. ഇത് പലര്‍ക്കും വാര്‍ഷിക ബോണസ് പേയ്മെന്റ് പിന്തുടരും.
യുഎഇയിലെ 73 % സ്ഥാപനങ്ങളും ഈ വര്‍ഷം 5 % വരെ ശമ്പളം വര്‍ദ്ധിപ്പിക്കുമെന്നും സര്‍വ്വെ ചൂണ്ടിക്കാട്ടുന്നു. യുഎഇയിലെ 30 % കമ്പനികളും ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഓപ്ഷന് നല്‍കും. സ്വകാര്യമേഖലയിലെ 19 % തൊഴിലുടമകളും വെള്ളിയാഴ്ച ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അവസരം നല്‍കുമെന്നും സര്‍വെ ചൂണ്ടിക്കാട്ടുന്നു.
ഒമാൻ: ഒമാനിൽ ആദ്യമായിട്ടാണ് ടാക്സി സർവീസ് നടത്താൻ വനിതകൾക്ക് അനുമതി നൽകുന്നത്. വനിതാ ടാക്സി സർവീസ് നടത്താൻ പ്രാദേശിക ടാക്സി സര്‍വീസ് ആപ്പ് ആയ 'ഒ ടാക്സി'ക്ക് ആണ് ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം ലൈസൻസ് അനുവദിച്ചത്. തുടങ്ങാൻപോകുന്ന വനിത ടാക്സിയിൽ ആദ്യഘട്ടത്തിൽ വളയം പിടിക്കുക ഒമ്പത് വനിതകളായിരിക്കും. പരീക്ഷണാടിസ്ഥാനത്തിൽ ജനുവരി 20 മുതൽ മസ്കത്ത് ഗവർണറേറ്റിലായിരിക്കും ആദ്യഘട്ടത്തിൽ സർവീസ് നടത്തുക. പിന്നീട് മറ്റു ഗവർണറേറ്റുകളിലേക്കും വ്യാപിപ്പിക്കും. വെള്ള, പിങ്ക് നിറങ്ങളിലായിരിക്കും വനിത ടാക്സി.
മസ്കത്തിൽ വീട്ടുവാതിൽക്കൽവരെ സേവനം എത്തിക്കുന്ന തരത്തിലാണ് സർവിസ് ഒരുക്കിയിരിക്കുന്നത്. സ്കൂളുകളിലേക്കും കോളജുകളിലേക്കും മറ്റു സ്ഥലങ്ങളിലേക്കും പോകുന്ന സ്ത്രീകളുൾപ്പെടെയുള്ളവർക്ക് ഏറെ ഗുണം ചെയ്യുന്നതായിരിക്കും വനിത ടാക്സി. നിരവധി സ്തീകൾക്ക് ഭാവിയിൽ തൊഴിലവസരങ്ങൾ ഈ മേഖലയുമായി ബന്ധപ്പെട്ട് ലഭിക്കുമെന്നാണ് കരുതുന്നത്.
റഷീദ് പയന്തോങ്ങ്
കുവൈത്ത് സിറ്റി: കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനിയുടെ എണ്ണ ശൂദ്ധീകരണ ശാലയിൽ ഉണ്ടായ അഗ്നി ബാധയെ തുടർന്ന് രണ്ട് പേർക്ക് ജീവൻ നഷ്ടമായി.
അഹ്മദിയിലെ എണ്ണ സംസ്കരണ കേന്ദ്രത്തിലെ അപകടത്തെ തുടർന്ന് അഞ്ചു പേരെയാണ് അതീവ ഗുരുതരാവസ്ഥയിൽ അൽ ബാബ്തൈൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇവരെല്ലാം കെ.എൻ.പി.സി കരാർ കമ്പനിയുടെ കീഴിലുള്ള ഏഷ്യൻ തൊഴിലാളികളാണ്.
ദുബൈ : കൊവിഡ് വർധിച്ച് വരുന്ന സാഹചര്യത്തിൽ ആണ് പ്രവാസികൾക്ക് നാട്ടിലേക്ക് വരുമ്പോൾ ക്വാറന്റീൻ ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. വലിയ പ്രതിക്ഷേധം ആണ് ഇക്കാര്യത്തിൽ പല കോണുകളിൽ നിന്നും ഉയർന്നു വന്നത്. നിരവധി പ്രവാസി സംഘടനകൾ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. പുതിയ തീരുമാനത്തിന് എതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകൾ ആണ് നടക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം മുതൽ ട്വിറ്ററിൽ ഇതിന് എതിരെ ഒരു ഹാഷ് ടാഗിൽ ട്വിറ്ററിൽ കാമ്പയിൻ നടക്കുന്നുണ്ട്.
പ്രവാസി ക്വാറന്റീൻ ഒഴിവാക്കുക (#RevokePravasiQuarantine) എന്ന ഹാഷ് ടാഗിൽ ആണ് ട്വിറ്ററിൽ കാമ്പയിൻ നടക്കുന്നത്. പ്രവാസികൾ മാത്രമല്ല നാട്ടിലുള്ളവരും കാമ്പയിൻ പങ്കെടുക്കുന്നുണ്ട്. നിരവധി പേരാണ് പ്രതിഷേധ പോസ്റ്റ് ട്വിറ്ററിൽ ഇട്ടിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പുതിയ തീരുമാനം ആയ ഏഴ് ദിവസം ക്വാറന്റീനിൽ പ്രവാസികൾ കഴിയണം എന്നതിനെതിരെ ഇത്തരത്തിലൊരു പ്രതിക്ഷധം നടത്താൻ ഒരുങ്ങിയതിന്റെ കാരണവും പലരും ട്വിറ്ററിൽ കുറിക്കുന്നുണ്ട്.
വിദേശ രാജ്യങ്ങളിൽ നിന്ന് നാട്ടിൽ എത്തുന്ന പലരും രണ്ട് ഡോസ് വാക്സിനും, ബൂസ്റ്ററും കൂടാതെ ആർടിപിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൊണ്ടാണ് എത്തുന്നത്. എന്നാൽ നാട്ടിൽ നടക്കുന്ന പല പരിപാടികൾക്കും ആളുകൾ വാക്സിൻ പോലും എടുക്കാതെയാണ് എത്തുന്നത്. ഇതിൽ എന്ത് നീതിയാണ് ഉള്ളതെന്ന് പലരും ചോദിക്കുന്നു. ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്നവർ വളരെ കുറച്ച് ദിവസത്തെ ലീവിനാണ് നാട്ടിൽ എത്തുന്നത്. ഇതിൽ പാതി ദിവസം വീട്ടിൽ കഴിയണം. കൊവിഡ് സ്ഥിരീകരിക്കാത്ത ആളുകൾ എന്തിന് വീട്ടിൽ കഴിയണം എന്നാണ് പലരും ചോദിക്കുന്നത്. പ്രധാനമന്ത്രി, മുഖ്യമന്ത്രിയുടെ ഓഫീസ്, കേന്ദ്ര ആരോഗ്യ മന്ത്രാലയം, വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഇങ്ങനെ പ്രമുഖരെ ടാക് ചെയ്താണ് ട്വിറ്ററിൽ ഹാഷ് ടാകുകൾ എത്തിയിരിക്കുന്നത്. വിദേശത്ത് നിന്നും നാട്ടിലെത്തിയാൽ ഏഴ് ദിവസത്തെ ക്വാറന്റീൻ കഴിഞ്ഞ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആയാൽ വീണ്ടും ഏഴ് ദിവസം കൂടി സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും സർക്കാർ പ്രവാസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഫുജൈറ: അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഏഴു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന് വേണമെന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനം അശാസ്ത്രീയവും വിവേചനവുമായതിനാല്‍ തീരുമാനം പിന്‍വലിക്കണമെന്ന് വിവിധ പ്രവാസി സംഘടനകൾ ആവശ്യപ്പെട്ടു. ഇത് സംബന്ധമായി കേരള മുഖ്യമന്ത്രിക്കും കേന്ദ്ര സഹമന്ത്രിക്കും കെഎംസിസി കത്തയച്ചു.
വിദേശങ്ങളില്‍ നിന്നും വരുന്നവര്‍ രണ്ട് ഡോസ് വാക്സിനും ബൂസ്റ്റര്‍ ഡോസും സ്വീകരിച്ചവരും ശേഷം നിരവധി പരിശോധനകളും കര്‍ശനമായ മാനദണ്ഡങ്ങളും പാലിച്ചാണ് യാത്ര ചെയ്യുന്നത്. ഇന്ത്യയിലെ വിമാനത്താവളത്തിലും ഇവര്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്തുന്നുണ്ട്.
ഒമിക്രോണ്‍ വ്യാപനം കുറവുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വരുന്ന പ്രവാസികള്‍ക്ക് ക്വാറന്റൈനും വ്യാപനം കൂടുതലുള്ള മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് അതിര്‍ത്തികള്‍ തുറന്നിടുകയും ചെയ്യുന്ന നടപടി വിവേചനമാണ്. സമ്മേളനങ്ങള്‍ക്കും റാലികള്‍ക്കും ഉദ്ഘാടന മഹാമഹങ്ങള്‍ക്കും ഒരു നിയന്ത്രണവുമില്ലാതെ പ്രവാസികളുടെ മേല്‍ എല്ലാം കെട്ടിവെക്കുന്നത് നീതികേടാണെന്നും തീരുമാനം പുനപരിശോധിക്കണമെന്നും കെഎംസിസി കത്തിലൂടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു.
ദോഹ: ഖത്തറിലെ ഇന്ത്യക്കാരായ പുസ്തക രചയിതാക്കളുടെ സംഘടനയായ ഖത്തർ ഇന്ത്യൻ ഓതേർസ് ഫോറത്തിന്റെ (ഖിയാഫ് ) ലോഗോ പ്രകാശനം ചെയ്തു.
ഖിയാഫ് പ്രസിഡണ്ട് ഡോ. സാബു. കെ.സി, 98.6 എഫ്. എം. റേഡിയോ മലയാളം സി.ഇ.ഒ അൻവർ ഹുസൈൻ എന്നിവർ ചേർന്നാണ് ലോഗോ പ്രകാശനം നിർവഹിച്ചത്.
ഖിയാഫ് ലോഞ്ചിങ് പ്രോഗ്രാമിന്റെ മുന്നോടിയായി നടന്ന ലോഗോ പ്രകാശന ചടങ്ങിൽ ഖിയാഫ് ജനറൽ സെക്രട്ടറി ഹുസൈൻ കടന്നമണ്ണ, ലോഞ്ചിങ് പ്രോഗ്രാം ജനറൽ കൺവീനർ തൻസീം കുറ്റ്യാടി, എക്സിക്യൂട്ടീവ് അംഗങ്ങളായ അൻസാർ അരിമ്പ്ര, അഷ്റഫ് മടിയേരി, റേഡിയോ മലയാളം ആർ.ജെ രതീഷ് എന്നിവരും സന്നിഹിതരായിരുന്നു. പ്രമുഖ എഴുത്തുകാരൻ പി. കെ. പാറക്കടവ് ഓൺലൈനായി ആശംസകൾ നേർന്ന് സംസാരിച്ചു.
ലോഞ്ചിങ് പ്രോഗ്രാമിൽ ഖത്തറിലെയും ഇന്ത്യയിലെയും പ്രമുഖർ പങ്കെടുക്കും. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ മാസ്റ്ററും സംഘടനയുടെ ലോഞ്ചിങ് ഖത്തർ ഓതേർസ് ഫോറം പ്രസിഡന്റ് മറിയം യാസീൻ അൽ ഹമ്മാദിയും നിർവഹിക്കും. അഞ്ചു പുസ്തകങ്ങളുടെ പ്രകാശനവും പുരസ്കാര ജേതാക്കളെ ആദരിക്കൽ ചടങ്ങും കലാപരിപാടികളും ലോഞ്ചിങ് പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പ്രോഗ്രാം തീയതിയും വിശദവിവരങ്ങളും പിന്നീട് പ്രഖ്യാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ദോഹ: ഖത്തറിൽ പുതിയ കോവിഡ് നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ഇന്ന് ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. 2022 ജനുവരി 8 ശനിയാഴ്ച മുതലാണ് പുതിയ തീരുമാനങ്ങൾ നടപ്പിൽ വരിക.
പൊതു-സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന എല്ലാം ജീവനക്കാർക്കും ജോലിസ്ഥലത്ത് തന്നെ ജോലി ചെയ്യാൻ അനുവദിക്കുന്നത് തുടരും. എന്നാൽ കമ്പനി മീറ്റിങ്ങുകളിൽ വാക്സീൻ സ്വീകരിച്ച 15 പേർ മാത്രമെ അനുവദിക്കുകയുളൂ.
പൊതുമേഖലയിലും സ്വകാര്യമേഖലയിലും വാക്സിൻ സ്വീകരിക്കാത്ത എല്ലാ ജീവനക്കാരും തൊഴിലാളികളും ആഴ്ചയിലൊരിക്കൽ റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്തേണ്ടതുണ്ട്. വാക്സിൻ ഡോസുകൾ പൂർത്തിയാക്കിയതോ കോവിഡിൽ നിന്ന് സുഖം പ്രാപിച്ച ജീവനക്കാരും തൊഴിലാളികളും പരിശോധന നടത്തേണ്ടതില്ല.
തുറസ്സായ സ്ഥലങ്ങളിൽ സ്പോർട്സ് പരിശീലിക്കുന്ന ആളുകൾ ഒഴികെ, തുറന്നതും അടച്ചതുമായ എല്ലാ പൊതു സ്ഥലങ്ങളിലും മാസ്ക് ധരിക്കണം. വീടുകളിൽ നിന്നും ഇറങ്ങുമ്പോൾ
ഇഹ്തിരാസ് ഉപയോഗം നിർബന്ധമായിരിക്കും .
മസ്ജിദുകളിൽ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം ഉണ്ടാവില്ല. ബാക്കിയുള്ളവർക്ക് നിബന്ധനകൾ പ്രകാരം പള്ളികളിൽ എത്താം. പള്ളികളിലെ വുളു എടുക്കാനുള്ള സൗകര്യങ്ങളും മറ്റും ഉപയോഗയെടുത്താം. വീടുകളിലും മജ്ലിസുകളിലും ഒത്തു ചേരുന്നത് അടഞ്ഞ ഇടങ്ങളിൽ വാക്സീൻ സ്വീകരിച്ച 10 പേരും തുറന്ന ഇടങ്ങളിൽ വാക്സീൻ സ്വീകരിച്ച 10 പേരും മാത്രമെ അനുവദിക്കുകയുളൂ.(ഒരേ വീട്ടുകാർക്ക് ബാധകമല്ല). വാക്സിനേഷൻ എടുത്ത പരമാവധി 40 പേർക്ക് മാത്രം ഹോട്ടലുകളിലും കല്യാണ മണ്ഡപങ്ങളിലും നടക്കുന്ന വിവാഹ പാർട്ടികളിൽ പണക്കേടുക്കാം . തുറന്ന വിവാഹ ഹാളുകളിൽ പരമാവധി 80 പേർ. വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ 4 പേർ മാത്രം (ഒരേ വീട്ടുകാർക്ക് ബാധകമല്ല). പൊതുഗതാഗതത്തിൽ 60% ശേഷിയിൽ മാത്രം പ്രവർത്തനം. തിയേറ്ററുകളിൽ ശേഷി 50% ആക്കി.
ഇവ കൂടാതെ, പ്രധാന പൊതു ഇടങ്ങളിൽ എല്ലാം ഇൻഡോർ, ഔട്ട് ഡോർ മേഖലയെ അടിസ്ഥാനമാക്കി പ്രവേശന പരിധിയിൽ നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. നിയന്ത്രണങ്ങൾ ശനിയാഴ്ച മുതൽ നിലവിൽ വരും.
¶ റഷീദ് പയന്തോങ്ങ്
കുവൈത്ത് സിറ്റി: കോവിഡ് വ്യാപനം കുവൈത്തിൽ ശക്തമായതോടെ ഔദ്യോഗിക മുന്നറിയിപ്പുമായി വിദേശ കാര്യ മന്ത്രാലയം.
പുതിയ കോവിഡ് വക ഭേദമായ ഒമിക്രോൺ ആഗോള തലത്തിൽ പിടി മുറുക്കിയതോടെ യാത്രകൾ ഒഴിവാക്കണമെന്നാണ് പൗരന്മാരോട് മന്ത്രാലയം അഭ്യർത്ഥിച്ചിരിക്കുന്നത്.
പുതിയ സാഹചര്യത്തിൽ വിവിധ രാജ്യങ്ങൾ സ്വീകരിക്കുന്ന നടപടികൾ യാത്രകാർക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ കൂടിയാണിത്. പ്രാരംഭ ഘട്ടം മുതൽ ഇത് വരെയായി രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 418332 ൽ എത്തി നിൽക്കുന്നു. ഇപ്പോൾ 3962 രോഗികളാണ് ചികിത്സയിലുള്ളത്. 5 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നു.
Omicron expansion: Ministry of Foreign Affairs issues travel warning
ഒമാൻ: കഴിഞ്ഞ 3 ദിവസത്തിനിടെ 343 പേർക്കാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ പോസിറ്റീവ് കേസുകൾ 3,05,832 ആയി. ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 4117 ആയി.
¶ റഷീദ് പയന്തോങ്ങ്
കുവൈത്ത് സിറ്റി:രാജ്യത്ത് ഇന്നലെ രാത്രിയോടെ പെയ്ത് തുടങ്ങിയ മഴ ഇന്ന് ശക്തി പ്രാപിച്ചു.
റോഡുകളും,വഴികളും വെള്ളം കയറി ഗതാഗതം ദുസ്സഹമായി. തോരാതെ പെയ്തിറങുന്ന മഴ അടുത്ത മണിക്കൂറുകളിലും തുടർന്നാൽ പ്രധാന പാതകളിൽ വാഹന ഗതാഗത തടസ്സം നേരിടുന്ന സാഹചര്യമുണ്ടാവും. പോയ വർഷങ്ങൾ ഇട മുറിയാതെ പെയ്ത മഴ പ്രധാന പാതകളിൽ പൂർണ്ണ ഗതാഗത തടസ്സം സൃഷ്ടിച്ചിരുന്നു.
കുവൈത്തിലെ ശൈത്യ കാലം ശക്തമായ നാളിലെ കോരി ചൊരിയുന്ന മഴയുടെ വരവ് നാട്ടിലെ മഴക്കാല ഓർമ്മയെ തൊട്ടുണര്‍ത്തുന്നതായി.
ഇടി മിന്നലിന്റെ നേരിയ അകമ്പടിയോടെ മഴ ഇപ്പോഴും തുടരുകയാണ്.
മസ്കറ്റ്: മസ്കറ്റ് സുന്നി സെന്റർ 2022 വർഷത്തേക്കുള്ള പുതിയ പ്രവർത്തക സമിതി നിലവിൽ വന്നു. റൂവിയിലുള്ള മൻബഉൽ ഹുദാ മദ്രസയിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
അൻവർ ഹാജി പ്രസിഡണ്ടും ഷാജുദ്ദീൻ ബഷീർ ജനറൽ സെക്രട്ടറിയും അഫ്താബ് മത്ര ട്രഷററുമായ വർക്കിംഗ് കമ്മിറ്റിയും സൈദ് ഹാജി പൊന്നാനി ചെയർമാനായ ഉപദേശക സമിതിയും നിലവിൽ വന്നു.
മറ്റു ഭാരവാഹികൾ: മുസ്തഫ ഹാജി മട്ടന്നൂർ, അബ്ബാസ് ഫൈസി, മൂസ ഹാജി മത്ര (വൈസ് പ്രസിഡണ്ടുമാർ), മുഹമ്മദ് ബി, ജമാൽ അൽഖുവൈർ, റിയാസ് (ജോയിന്റ് സെക്രട്ടറിമാർ), സബ് കമ്മിറ്റി കൺവീനർമാരായി സലീം കോർണേഷ് (മദ്രസ) സുലൈമാൻ കുട്ടി (ഹജ്ജ്-ഉംറ), ഷറഫുദ്ദീൻ വാഫി (ദഅവ) മുസ്തഫ ചെങ്ങളായി (മയ്യത്ത് പരിപാലനം) നിളാമുദ്ദീൻ ഹാജി (സ്വലാത്ത്) മുഹമ്മദ് ആരിഫ് (ഐ.ടി. - മീഡിയ) സമീൽ കിരിയത്ത് (ഫാമിലി ക്ലാസ്സ്) എന്നിവരെയും തെരഞ്ഞെടുത്തു.
വാർഷിക ജനറൽ ബോഡി യോഗത്തിൽ സൈദു ഹാജി പൊന്നാനി അധ്യക്ഷത വഹിച്ചു. മൻബഉൽ ഹുദാ മദ്രസ പ്രിൻസിപ്പൽ എൻ. മുഹമ്മദലി ഫൈസി ഉദ്ഘാടനം ചെയ്തു. സലീം കോർണേഷ് സ്വാഗതം ആശംസിച്ചു. ജമാൽ അൽഖുവൈർ പ്രവർത്തന റിപ്പോർട്ടും സുലൈമാൻ കുട്ടി വരവ് ചിലവ് കണക്കുകളും ഷാജുദീൻ ബഷീർ മദ്രസ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.
റിട്ടേണിംഗ് ഓഫീസർ ഉമർ ബാപ്പു ഹാജി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
മസ്കറ്റ്: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചതിനെ തുടർന്ന് നിയന്ത്രണങ്ങൾ കർശനമാക്കി ഒമാൻ. ഇതേതുടർന്ന് പള്ളികളിലും ഹാളുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും വിവാഹ ആഘോഷങ്ങളും വിലാപ ചടങ്ങുകളും മറ്റു പരിപാടികളും ബുധനാഴ്ച മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധിക്കാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചു.
പൊതുസ്ഥലങ്ങളിൽ ഒത്തുകൂടുന്നതിനും പരിപാടികൾ സംഘടിപ്പിക്കുന്നതിനുമുള്ള നിരോധനം ഇപ്പോഴും നിലവിലുണ്ടെന്ന് കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ സ്ഥിരീകരിച്ചു. രാജ്യത്ത് ഒമൈക്രോൺ വേരിയന്റിന്റെ 12 കേസുകൾ സംശയിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
ബിഷ: സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഒരു കുടുംബത്തിലെ അഞ്ചു പേര് മരിച്ചു.
കോഴിക്കോട് സ്വദേശികളായ പാണ്ടികശാലകണ്ടി മുഹമ്മദ് ജാബിര്‍ (44) ഭാര്യ: ശബ്ന (36), മക്കളായ ലൈബ (7), സഹ (5), ലുത്ഫി എന്നിവരാണ് മരിച്ചത്
ബിഷക്കടുത്ത് അൽ റെയ്ൻ എന്ന സ്ഥലത്ത് വെച്ച് വെള്ളിയാഴ്ച രാത്രി ഇവർ സഞ്ചരിച്ച കാറിന് പിറകിൽ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം.
ദോഹ: നീണ്ട മുപ്പത്തഞ്ച് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന നാദാപുരം പൊലിമയുടെ ഖത്തർ ചാപ്റ്റർ സീനിയർ മെമ്പറായ കുഞ്ഞമ്മദ് നരിക്കാട്ടേരിക്ക് പൊലിമ ഖത്തർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.
അബൂ ഹമൂർ നാസ്കോ റസ്റ്റോറന്റിൽ വെച്ച് നടന്ന യാത്രയയപ്പ് സംഗമം നാടക നടനും സോഷ്യൽ മീഡിയ ഫെയിമുമായ അഡ്വക്കറ്റ് സക്കരിയ വാവാട് ഉദ്ഘാടനം ചെയ്തു.
യാത്രയയപ്പ് യോഗത്തിൽ ജാഫർ ജാതിയേരി അധ്യക്ഷത വഹിച്ചു. അനസ് തറക്കണ്ടി, നാസർ ആലത്താങ്കണ്ടി, കെ പി കെ മുഹമ്മദ്, റയീസ് ബിൻ അബ്ദുല്ല . ജാഫർ ചെറുമോത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.
35 വർഷക്കാലത്തെ തന്റെ ഖത്തർ ജീവിതത്തിന്റെ അനുഭവങ്ങൾ സ്വത സിദ്ധമായ ശൈലിയിൽ മറുപടി പ്രസംഗത്തിലൂടെ കുഞ്ഞമ്മദ് നരിക്കാട്ടേരി സദസ്സുമായി പങ്ക് വെച്ചു.
ഫൈസൽ എ ടി സ്വാഗതവും ലതീഫ് പാതിരിപറ്റ നന്ദിയും പറഞ്ഞ യോഗത്തിൽ നാദാപുരം പൊലിമയുടെ സ്നേഹോപഹാരം നാദാപുരം മണ്ഡലം ഖത്തർ കെ എം സി സി പ്രസിഡന്റ് സി കെ ഉബൈദ് സമർപ്പിച്ചു.
ദോഹ: മികച്ച സാമൂഹ്യ സേവനങ്ങൾക്കു സാമൂഹ്യ സംഘടനകൾക്ക് നൽകുന്ന അവാർഡിനാണ് ഖത്തർ കെ.എം.സി.സി തെരഞ്ഞെടുക്കപ്പെട്ടത്. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള മനുഷ്യാവകാശ വകുപ്പ് നൽകുന്ന ഈ ബഹുമതിക്ക് കെ എം സി സി യെ അർഹമാക്കിയത് കോവിഡ് കാലത്ത് നടത്തിയ മികച്ച പ്രവർത്തനങ്ങളാണ്.
ഖത്തർ ദേശീയ മനുഷ്യാവകാശ ദിനാചരണത്തിന്റെയും അന്താരാഷ്ട്ര സഹിഷ്ണുതാ ദിനാചരണത്തിന്റെയും ഭാഗമായി അറബ്, അറബേതര സമൂഹങ്ങളുടെ തലവന്മാരെ ആദരിക്കുന്ന ചടങ്ങിൽ വെച്ച് കെ എം സി സി സംസ്ഥാന അദ്ധ്യക്ഷൻ എസ് എ എം ബഷീർ, ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് നരിക്കുനി എന്നിവർ കേണൽ സാലിം സാദ് അൽ ദോസരി (അസി. ഡയറക്ടർ, ഹ്യുമൻ റൈറ്റ്സ് ഡിപ്പാർട്ടമെന്റ്) യിൽ നിന്നും അംഗീകാരം ഏറ്റുവാങ്ങി.
മനുഷ്യാവകാശ വകുപ്പ് പ്രതിനിധി അബ്ദുല്ല മഹ്ദി അൽ യാമി, മറ്റ് ഉന്നത ഉദ്യോഗ സ്ഥർ , ആഭ്യന്തര മന്ത്രാലയം പബ്ലിക്ക് റിലേഷൻ ഓഫീസർ ഫൈസൽ ഹുദവി ഇന്ത്യൻ കൾച്ചറൽ സെന്റർ പ്രസിഡണ്ട് പി.എൻ. ബാബുരാജൻ, ഇന്ത്യൻ ബെനി വലന്റ് ഫോറം പ്രസിഡണ്ട് സിയാദ് ഉസ്മാൻ എന്നിവരടക്കം വിവിധ രാജ്യങ്ങളിലെ സംഘടനാ പ്രതിനിധികൾ സന്നിഹിതരായിരുന്നു.
എമ്പസിയുടെ കീഴിലുള്ള ഐസിസി , ഐസി ബി എഫ് . നഴ്സുമാരുടെ സംഘടനയായ FINQ എന്നീ സംഘടനകൾക്കും ബഹുമതി ലഭിച്ചു.
ഖത്തർ: റിയാദ ഹെൽത്ത് കെയറിന്റെ ആദ്യ സംരംഭമായ റിയാദ മെഡിക്കൽ സെന്ററിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം നടന്നു. റിയാദ ഹെൽത്ത്കെയർ ചെയർമാൻ ഷെയ്ഖ് ജാസിം ബിൻ മുഹമ്മദ് ബിൻ ഹമദ് അൽ താനിയാണ് വിശിഷ്ടാതിഥികൾക്കും ലോഗോ അനാച്ഛാദനം നിർവഹിച്ചത്. സ്വകാര്യ ആരോഗ്യമേഖല വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന, ഖത്തർ നാഷണൽ വിഷൻ 2030 മുന്നിൽ കണ്ടുകൊണ്ടാണ് റിയാദ ഹെൽത്ത്കെയർ പ്രവർത്തനമാരംഭിക്കുന്നത്
ലോഗോ പ്രകാശനത്തെ തുടർന്ന് റിയാദ ഹെൽത്ത് കെയർ മാനേജിംഗ് ഡയറക്ടർ ജംഷീർ ഹംസ, ബ്രാന്റിനെ പരിചയപ്പെടുത്തി. മികച്ച ആതുരസേവനവും, ആധുനിക സാങ്കേതിക വിദ്യയും ഒരുമിച്ച് ചേരുന്ന ഈ സ്ഥാപനം ഏറ്റവും മികച്ച സേവനം പരമാവധി ചുരുങ്ങിയ ചിലവിൽ ലഭ്യമാക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. പതിനെട്ടിലധികം ഡിപ്പാർട്മെന്റുകളുള്ള റിയാദ മെഡിക്കൽ സെന്റർ ദോഹയിലെ സി റിംഗ് റോഡിലാണ് ആരംഭിക്കുന്നത് . അതിനായുള്ള ഒരുക്കങ്ങൾ അതിന്റെ അവസാന ഘട്ടത്തിലാണെന്നും അധികൃതർ അറിയിച്ചു. ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും സിഎംഒയുമായ ഡോ. അബ്ദുൾ കലാം ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.
► റഷീദ് പയന്തോങ്ങ്
കുവൈത്ത് സിറ്റി: എയർ ആംബുലൻസ് സര്‍വീസ് രംഗത്ത് വിജയകരമായ ആറു വർഷം പിന്നിട്ട് കുവൈത്ത്. അപകട സ്ഥലങ്ങളിൽ നിന്ന് രോഗികളെ അടിയന്തിരമായി ആശുപത്രിയിൽ എത്തിക്കുന്നത് കൂടാതെ ആംബുലൻസുകൾക്ക് എത്തിച്ചേരാനാകാത്ത മരുഭൂമിയിലും,അതിര്‍ത്തി പ്രദേശങ്ങളിലുമാണ് എയർ ആംബുലൻസ് സേവനം പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്.
ഇതിനകം 4500 ൽ അധികം പേരുടെ ജീവൻ രക്ഷയ്ക്ക് എയർ ആംബുലൻസ് സേവനം നിമിത്തമായി.
കുവൈത്ത് ഫയര്‍ ഫോഴ്സിനൊപ്പം ആരോഗ്യ-ആഭ്യന്തര-പ്രതിരോധ മന്ത്രാലയങ്ങളുടെ സഹകരണത്തോടെയാണ് അടിയന്തിര ഘട്ടങ്ങളിലെ ഈ സേവനം ലഭ്യമാക്കുന്നത്.
രാജ്യത്തെ ജനതയുടെ ജീവൻ രക്ഷിക്കാൻ സാധ്യമായ പരമാവധി സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്നും ആരോഗ്യ രംഗത്തെ നഴികകല്ലാണ് വിജയകരമായി മുമ്പോട്ട് പോകുന്ന എയർ ആംബുലൻസ് സംവിധാനമെന്നും അൽ സബാഹ് എയർ ആംബുലൻസ് സെന്റർ ചെയർമാൻ നാസർ അൽ സര്‍ഹാൻ വ്യക്തമാക്കി.
എമര്‍ജന്‍സി കേന്ദ്രത്തിൽ ഒരു ജെറ്റ് വിമാനവും,രണ്ട് എയർ ആംബുലന്‍സും,65 ഓളം മെഡിക്കൽ സ്റ്റാഫുകളുമാണ് സർവ്വ സജ്ജമായുള്ളത്. തീവ്ര പരിചരണ സൗകര്യമുള്ള ആംബുലസിൽ രണ്ട് പൈലറ്റുമാരും മൂന്ന് പാരാ മെഡിക്കൽ ജീവനക്കാരുമുണ്ടാകും.
സേവനം ആവശ്യപ്പെട്ടുള്ള സന്ദേശം ലഭിച്ച് പതിനഞ്ച് മിനുട്ടിനകം അപകട സ്ഥലതെത്തി എയർ ആംബുലൻസുകൾ അവരുടെ ദൗത്യം നിർവ്വഹിക്കണമെന്നാണ് ആരോഗ്യ മന്ത്രാലയവും സര്‍വീസ് ഏറ്റെടുത്ത സ്വകാര്യ കമ്പനിയും തമ്മിൽ ഒപ്പ് വെച്ച കരാർ വ്യവസ്ഥയിലുള്ളത്.
► റഷീദ് പയന്തോങ്ങ്
കുവൈത്ത് സിറ്റി: തൊഴിൽ നിയമ ലംഘകരെ തേടി അധികൃതർ.
സ്പോൺസർ ഷിപ്പ് മാറി വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന നിരവധി പേരെയാണ് ഫർവാനിയ ഗവര്‍ണറേറ്റിൽ നിന്നും കഴിഞ്ഞ ദിവസം പിടികൂടിയത്.
ആഭ്യന്തര മന്ത്രാലയം,മാൻപവര്‍ അതോറിറ്റി,വാണിജ്യ മന്ത്രാലയം,മുനിസിപ്പാലിറ്റി എന്നിവയുടെ സംയുക്ത സംഘമാണ് നിയമ ലംഘകരെ കണ്ടെത്താനുള്ള ദൗത്യത്തിന് നേതൃത്വം നൽകുന്നത്.
തൊഴിൽ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ താമസ കൂടിയേറ്റ നിയമങ്ങൾക്ക് അനുസൃതമായി നാട് കടത്തുന്നത് ഉൾപ്പടെയുള്ള ശക്തമായ നടപടികൾ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.
തൊഴിൽ നിയമ ലംഘന പ്രവണത ഇല്ലാതാക്കുന്നതിനും,തൊഴിൽ വിപണിയിൽ നിയന്ത്രണം കൊണ്ട് വരുന്നതിനും നിയമ ലംഘകരെ തേടിയുള്ള ഈ ഓപ്പറേഷൻ ഏറെ സഹായകമാവുമെന്ന് കരുതപ്പെടുന്നു.
അതേ സമയം കോവിഡ് പശ്ചാത്തലത്തിൽ നില നിന്നിരുന്ന വ്യോമ യാത്രാ നിയന്ത്രണങ്ങൾ പൂർണ്ണമായും നീങ്ങിയതോടെ യാത്രക്കാരുടെ എണ്ണത്തിൽ ക്രമാതീതമായ വര്‍ദ്ധനവുണ്ടായി.
മടക്ക യാത്രക്കാർ കൂടിയതോടെ തൊഴിൽ വിപണിയിൽ തൊഴിലാളി ക്ഷാമം അനുഭവപ്പെടുന്നുമുണ്ട്.
ദുബായ്: യുവ ഇംഗ്ലീഷ് കവയത്രി ലാമിയ ലത്തീഫിന്റെ 51 കവിതകൾ അടങ്ങിയ കവിതാ സമാഹാരം 'ഇൻ സെർച്ച് ഓഫ് വേർഡ്സ്' ന്റെ യു.എ.ഇയിലെ പ്രകാശനകർമ്മം പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീർ നിർവ്വഹിച്ചു. ദുബായ് മുനിസിപ്പാലിറ്റി മീഡിയ ചീഫും ഇംഗ്ലീഷ് സാഹിത്യകാരനുമായ ഇസ്മായിൽ മേലടി, കെ.എം.സി.സി നേതാവും സാമൂഹിക രാഷ്ട്രീയ രംഗത്ത് ശ്രദ്ദേയനായ യുവ വ്യവസായി കെ.പി മുഹമ്മദ് പേരോട്, ലാമിയയുടെ പിതാവ് ലത്തീഫ് എടക്കുടി എന്നിവർ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ കെ.എം.സി.സി സ്റ്റാളിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ സംസാരിച്ചു.
► റഷീദ് പയന്തോങ്ങ്
കുവൈത്ത് സിറ്റി: കുവൈത്തിലെ ഫിന്താസിൽ കെട്ടിടത്തിന്റെ പതിനാലാം നിലയിൽ നിന്നും ചാടി വിദ്യാർത്ഥിനി ജീവനൊടുക്കി. വിവരമറിഞ് മെഡിക്കൽ സംഘവും,നിയമ പാലകരും സ്ഥലത്ത് എത്തിയെങ്കിലും വീഴ്ചയുടെ ആഘാതത്തിൽ മരണം സംഭവിച്ചിരുന്നു. സഹപാഠികളുടെ നിരന്തര ഉപദ്രവം സഹിക്കവയ്യാതെ കുട്ടി മരണത്തിൽ അഭയം പ്രാപിക്കുകയായിരുന്നുവെന്ന് പ്രാഥമിക അന്യേഷണത്തിൽ വ്യക്തമായി. പോലീസ് കെസെടുത്ത് അന്വേഷണം ആരംഭിച്ചു.
► റഷീദ് പയന്തോങ്ങ്
കുവൈത്ത് സിറ്റി: പുറം ലോകമറിയാതെ അഞ്ചു വർഷക്കാലം മകളുടെ മൃതു ശരീരം സ്വന്തം വീട്ടിൽ സൂക്ഷിച്ച ഒരു മാതാവ്.
കുവൈത്തിലെ സാൽമിയ പ്രദേശത്ത് ഒരു അറബ് കുടുംബത്തിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം.
യുവതിയെ മാതാവ് വീട്ടു തടങ്കലിലാക്കിയെന്ന സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥര്‍ വീട് പരിശോധിച്ചതിനെ തുടർന്നാണ് അടച്ചിട്ട ബാത്ത് റൂമിനകത്ത് മരിച്ച യുവതിയുടെ അസ്ഥികൂടം കണ്ടെത്തിയത്.
അഞ്ചു വർഷം മുമ്പേ മകൾ മരിച്ചുവെന്നും ഭയം മൂലമാണ് വിവരം പുറത്ത് പറയാതിരുന്നത് എന്നാണ് പിടിയിലായ മാതാവ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്.
ഫോറന്‍സിക് മെഡിസിൻ പരിശോധന ഫലം പുറത്ത് വരുന്നതോടെ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വരും.
കുറ്റാന്വെഷണ വിഭാഗം ഇത് സംബന്ധിച്ച വിശദമായ അന്വേഷണം നടത്തി വരികയാണ്.
ദോഹ : ഖത്തറിൽ നാളെ ഇസ്തിസ്ഖാ നമസ്കാരത്തിന് ആഹ്വാനം ചെയ്ത് ഖത്തർ അമീർ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി. മുഴുവന്‍ പള്ളികളിലും രാവിലെ മഴയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന നടത്താനാണ് അമീറിന്റെ ആഹ്വാനം. അല്‍ വജ്ബ മൈതാനത്ത് നടക്കുന്ന നമസ്കാരത്തിൽ നാളെ അമീര്‍ പങ്കെടുക്കും. കഴിഞ്ഞ വര്‍ഷം നവംബറിലും ഷെയ്ഖ് തമീമിന്റെ നേതൃത്വത്തില്‍ ഇസ്തിസ്ഖാ പ്രാര്‍ത്ഥന ഇവിടെ നടന്നിരുന്നു.
മസ്കറ്റ്: ഒമാൻ അംഗീകൃത വാക്സിൻ ലിസ്റ്റിൽ ഇന്ത്യയുടെ കോവാക്സിനും ഉൾപ്പെടുത്തി. ഓമൻ യാത്രയ്ക്കുള്ള അംഗീകൃത കോവിഡ്-19 വാക്സിൻ പട്ടികയിൽ കോവാക്സിനും ചേർത്തിട്ടുണ്ടെന്ന് ഇന്ത്യൻ എംബസി പ്രസ്താവനയിൽ സ്ഥിരീകരിച്ചു.
പ്രസ്താവന പ്രകാരം,ഒമാനിൽ എത്തിച്ചേരുന്ന തീയതിക്ക് കുറഞ്ഞത് 14 ദിവസം മുമ്പെങ്കിലും രണ്ട് ഡോസ് കോവാക്സിൻ സ്വീകരിച്ച ഇന്ത്യയിൽ നിന്നുള്ള എല്ലാ യാത്രക്കാർക്കും ഇപ്പോൾ ക്വാറന്റൈൻ ആവശ്യമില്ലാതെ ഒമാനിലേക്ക് വരാൻ സാധിക്കും .
► ജസ്ല മുഹമ്മദ്
ഒമാൻ: പ്രവാസികളുടെ റസിഡന്റ് കാര്‍ഡുകള്‍ക്ക് ഒമാനിൽ ഇനി മൂന്ന് വര്‍ഷം വരെ കാലാവധിയുണ്ടാവും . സ്വദേശികളുടെ സിവില്‍ ഐഡിക്ക് അഞ്ച് വര്‍ഷം വരെയായിരിക്കും കാലാവധി. കാലാവധി അവസാനിക്കുന്നതിന്
30 ദിവസത്തിനകം റെസിഡന്‍സ് കാര്‍ഡ് പുതുക്കണം . രാജ്യത്തെ സിവില്‍ സ്റ്റാറ്റസ് നിയമത്തിലെ എക്സിക്യൂട്ടീവ് ചട്ടങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ട് പൊലീസ് ആന്റ് കസ്റ്റംസ് ഇന്‍സ്പെക്ടര്‍ ജനറല്‍ ലെഫ്. ജനറല്‍ ഹസന് ബിന്‍ മുഹ്സിന് അല്‍ ഷര്‍ഖി പ്രഖ്യാപിച്ച തീരുമാനങ്ങളിലാണ് ഇവ ഉള്ളത്.
ഒപ്പംതന്നെ ഒമാനികൾക്കും പ്രവാസികൾക്കും വ്യക്തിക്ക് 10 വയസ്സ് തികയുന്ന തീയതി മുതൽ 30 ദിവസത്തിനുള്ളിൽ റെസിഡൻസി കാർഡ് എടുക്കണം. 10 വയസ്സിന് മുകളിൽ പ്രായമുള്ള ഒരാൾക്ക് ഐഡി കാർഡ് ഇല്ലാത്ത സാഹചര്യത്തിൽ ഓരോ മാസവും OMR 5 വരെ പിഴ ചുമത്തുമെന്നും പുതുക്കിയ സിവില്‍ സ്റ്റാറ്റസ് നിയമത്തിൽ പറയുന്നു.
► റഷീദ് പയന്തോങ്ങ്
കുവൈത്ത് സിറ്റി: സാമൂഹിക ജീവിതത്തിൽ ഒന്നര വർഷത്തിലേറെയായി കോവിഡ് രോഗ വ്യാപനം സൃഷ്ടിച്ച അനിശ്ചിതത്വത്തിന് വിരാമം.
ഇന്നത്തെ ജുമുഅ നമസ്ക്കാരം കൂടുതൽ അടുത്തിടപഴകിയും,തോളോട് തോൾ ചേർന്ന് നിന്നും വിശ്വാസികൾ സാധാരണ രീതിയിൽ നിർവ്വഹിച്ചു.
നിയന്ത്രണങ്ങൾ നീക്കി വിമാനത്താവളത്തിന്റ പ്രവർത്തനം പൂർണ്ണ ശേഷി കൈവരിക്കുന്നതോടെ യാത്രാ നിരക്കിലെ ഭീമമായ തുകയിൽ വലിയ മാറ്റമാണ് സാധാരണ ജനം പ്രതീക്ഷിക്കുന്നത്.
ഓഡിറ്റോറിയങ്ങൾക്കും,ഹാളുകൾക്കും പ്രവർത്തനാനുമതി നൽകിയതോടെ സമ്മേളനങ്ങളും,വിവാഹ വേദികളും വീണ്ടും സജീവമാകും.
കുവൈത്ത് അംഗീകരിച്ചിട്ടുള്ള വാക്സിൻ സ്വീകരിച്ച മുഴുവൻ രാജ്യങ്ങളിൽ നിന്നുള്ളവർക്കും വിസ അനുവദിച്ചു തുടങ്ങാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
മന്ത്രി സഭ പ്രഖ്യാപിച്ച പുതിയ തീരുമാനങ്ങൾ ഈ മാസം 24 ഓടെയാണ് പൂർണ്ണ പ്രാബല്യത്തിൽ വരുന്നത്.
ഫുജൈറ: യു എ ഇയിലെ ഫുജൈറയിൽ ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ വൻ അഗ്നിബാധ. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് തീപിടുത്തമുണ്ടായത്. പ്രദേശത്ത് പുകപടലങ്ങൾ പടർന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. തീപിടുത്തത്തിൻ്റെ കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ല.
ദുബൈ: ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി വര്‍ഷങ്ങളായി മുടങ്ങാതെ നടത്തിപ്പോരുന്ന സിഎച്ച് അനുസ്മരണം ഈ വര്‍ഷവും വിപുലമായ രീതിയില്‍ നടത്തുന്നു. മതേതര, ജനാധിപത്യ, മാനവിക മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്നതില്‍ അതീവ ശ്രദ്ധാലുവും മുസ്ലിംഅധ:സ്ഥിതപിന്നാക്ക സമൂഹങ്ങളുടെ അവകാശ പോരാളിയുമായിരുന്ന സിഎച്ച് മുഹമ്മദ് കോയ സാഹിബിനെ അനുസ്മരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് വര്‍ഷമായി 'സിഎച്ച് രാഷ്ട്ര സേവാ പുരസ്കാരം' നല്കി വരുന്നുണ്ട്.
ഇപ്രാവശ്യത്തെ അവാര്‍ഡിന് ഡോ. ശശി തരൂര്‍ എംപിയെ ആണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഡോ. പി.എ ഇബ്രാഹിം ഹാജി ചെയര്‍മാനും എംസി വടകര, ടി.ടി ഇസ്മായില്‍, സി.കെ സുബൈര്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
ഐക്യ രാഷ്ട്ര സഭാ മുന്‍ അണ്ടര്‍ സെക്രട്ടറി ജനറലും മുന്‍ കേന്ദ്ര വിദേശ കാര്യ സഹ മന്ത്രിയും ഗ്രന്ഥകാരനും സംവാദകനും പ്രഭാഷകനും പാര്‍ലമെന്റിനകത്തും പുറത്തും ജനാധിപത്യ സംവിധാനത്തിന്റെ നിലനില്‍പ്പിനും മതേതര മൂല്യങ്ങളുടെ സംരക്ഷണത്തിനും വേണ്ടി ശ്രദ്ധേയ ഇടപെടല്‍ നടത്തുന്ന ഉജ്വല വ്യക്തിത്വവുമായ ഡോ. ശശി തരൂരിനുള്ള ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങിയ അവാര്‍ഡ് ഈ മാസം 26ന് ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് ദേര മുറഖബാത്ത് പൊലീസ് സ്റ്റേഷന് മുന്‍വശത്തെ ക്രൗണ്‍ പഌസ ഹോട്ടലില്‍ സംഘടിപ്പിക്കുന്ന പ്രൗഢ ചടങ്ങില്‍ സമ്മാനിക്കുമെന്ന് ഡോ. പി.എ ഇബ്രാഹിം ഹാജി, ദുബൈകോഴിക്കോട് ജില്ലാ കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് മൊയ്തീന് കോയ ഹാജി, ജന.സെക്രട്ടറി കെ.പി മുഹമ്മദ്, സംസ്ഥാന വൈസ് പ്രസിഡന്റ്ുമാരായ ഇബ്രാഹിം മുറിച്ചാണ്ടി, ഒ.കെ ഇബ്രാഹിം, സ്വാഗതസംഘം ട്രഷറര്‍ ഹംസ കാവില്‍ അല്‍ബറാഹ കെഎംസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുസ്ലിം ലീഗ് നേതാവും സിഎച്ചിന്റെ പുത്രനുമായ ഡോ. എം.കെ മുനീര്‍ എംഎല്‍എ, പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം, അറബ് പ്രമുഖര്‍ അവാര്‍ഡ് സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കും. പ്രഗല്ഭ വാഗ്മി ഷാഫി ചാലിയം സിഎച്ച് അനുസ്മരണ പ്രഭാഷണം നടത്തും. പ്രശസ്ത ഗായകരായ ആസിഫ് കാപ്പാട്, യൂസുഫ് കാരക്കാട് എന്നിവര്‍ നയിക്കുന്ന 'ഇശല്‍ വിരുന്നും'; ജില്ലാ കെഎംസിസിയുടെ വിദ്യാഭ്യാസ പ്രോല്‍സാഹന പദ്ധതിയായ 'എജുടച്ചി'ന്റെ സ്കോളര്‍ഷിപ്പ് വിതരണോദ്ഘാടനവും; സാമൂഹിക പ്രതിബദ്ധരായ ബിസിനസ് പ്രമുഖരെ ആദരിക്കലും ചടങ്ങില്‍ നടക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ എന്‍.കെ പ്രേമചന്ദ്രന് എംപി, സി.പി ജോണ്‍ എംഎല്‍എ എന്നിവര്‍ക്കാണ് സിഎച്ച് രാഷ്ട്ര സേവാ പുരസ്കാരം നല്‍കിയത്.
കേരളത്തിന്റെയും ഇന്ത്യയുടെയും ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ എന്നും മുന്നില്‍ നിന്ന വിദ്യാഭ്യാസ വിചക്ഷണനും സമൂഹ സമുദ്ധാരകനായിരുന്നു സിഎച്ച് മുഹമ്മദ് കോയ സാഹിബ്. രാഷ്ട്രീയ എതിരാളികള്‍ പോലും സ്നേഹത്തോടെയും ബഹുമാനത്തോടെയും കണ്ടിരുന്ന നേതാവായിരുന്നു അദ്ദേഹം. കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായി തിളങ്ങിയ സി.എച്ചിന്റെ മഹത്തായ സ്മൃതികള്‍ നിലനിര്‍ത്താന്‍ കൂടുതല്‍ പദ്ധതികള്‍ ആവിഷ്കരിക്കപ്പെടണമെന്ന് പി.എ ഇബ്രാഹിം ഹാജി പറഞ്ഞു.
സാമൂഹികസാംസ്കാരികവിദ്യാഭ്യാസ മേഖലകളില്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് ദുബൈകോഴിക്കോട് ജില്ലാ കെഎംസിസി നിര്‍വഹിച്ചു വരുന്നതെന്ന് കെ.പി മുഹമ്മദ് പറഞ്ഞു. ആദ്യ പ്രളയ കാലഘട്ടത്തില്‍ കോഴിക്കോട്ടെ കരിഞ്ചോലമലയില്‍ വീടുകള്‍ നഷ്ടപ്പെട്ട നാലു കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ ചെലവില്‍ നാലു പുതിയ വീടുകള്‍ നിര്‍മിച്ചു കൊടുത്തു. കോഴിക്കോട് ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും നിര്‍ധനരായ ഓരോ കുടുംബങ്ങള്‍ക്ക് 'തകാഫുല്‍ പെന്ഷന്' കഴിഞ്ഞ 10 വര്‍ഷമായി നിര്‍വഹിച്ചു വരുന്നു. കോവിഡ് രൂക്ഷമായ ഘട്ടങ്ങളില്‍ കേരളത്തിലും യുഎഇയിലും മരുന്നും ഭക്ഷണവും യാത്രാ സഹായങ്ങളുമടക്കം കോടിക്കണക്കിന് രൂപയുടെ പ്രവര്‍ത്തനങ്ങളാണ് ജില്ലാ കെഎംസിസി നിര്‍വഹിച്ചത്. പ്രവാസികളുടെ ജന്മനാട്ടിലേക്കുള്ള തിരിച്ചുപോക്കിന് തടസ്സം നേരിട്ട ഒരു ഘട്ടത്തില്‍ സര്‍ക്കാര്‍ അലംഭാവത്തിനെതിരെ കലക്ടറേറ്റ് ധര്‍ണ നടത്തി. കോഴിക്കോട്ടെ സിഎച്ച് സെന്ററിന് 2 കോടിയിലധികം രൂപയുടെ സഹായം നല്കി. ഉത്തരേന്ത്യയില്‍ പ്രയാസമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ ഭക്ഷണക്കിറ്റുകള്‍ നേരിട്ടു എത്തിച്ചു നല്കി. ജില്ലാ കെഎംസിസിക്ക് കീഴില്‍ 12 മണ്ഡലം കമ്മിറ്റികളും മുനിസിപ്പല്‍ പഞ്ചായത്ത് കമ്മിറ്റികളും ശക്തമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ജില്ലാ ഭാരവാഹികളായ ഹംസ പയ്യോളി, അബൂബക്കര്‍ മാസ്റ്റര്‍, മുഹമ്മദ് തെക്കയില്‍, മുഹമ്മദ് മൂഴിക്കല്‍, വി.കെകെ റിയാസ്, ഇസ്മയില്ചെരിപ്പേരി, അഹമ്മദ്ബിച്ചി, മൂസ കൊയംബ്രം, അഷറഫ് ചെമ്പോളി, എം.പി അശ്റഫ്, അബ്ടുള്ള വലിയാണ്ടി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
► റഷീദ് പയന്തോങ്ങ്
കുവൈത്ത് സിറ്റി: വാണിജ്യ പ്രദര്‍ശനങ്ങൾക്കും, വിനോദ പരിപാടികൾക്കും അനുമതി നൽകാനൊരുങ്ങി കുവൈത്ത്.
മന്ത്രിസഭാ യോഗമാണ് കോവിഡാനന്തര കുവൈത്തിനെ പൂർവ്വ സ്ഥിതിയിലേക്ക് കൊണ്ട് വരുന്നതിന്റെ ഭാഗമായുള്ള തീരുമാനം കൈക്കൊണ്ടത്.
ആരോഗ്യ മന്ത്രാലയം നിഷ്കർഷിച്ചിട്ടുള്ള നിബന്ധനകൾ പാലിച്ചായിരിക്കും പ്രദര്‍ശനങ്ങളുടെയും,മറ്റ് പരിപാടികളുടെയും സംഘാടനം. ഇന്ന് ഒക്ടോബർ 17 ഓടെ തുറസ്സായ സ്ഥലങ്ങളിലെ വാണിജ്യ പ്രദര്‍ശനങ്ങൾക്ക് തുടക്കമാവും.
മസ്കറ്റ്: നബിദിനം പ്രമാണിച്ച് ഒമാനിൽ 328 പേർക്ക് ഒമാൻ ഭരണാധികാരി ജയിൽ മോചണം അനുവദിച്ചു. മോചനം നൽകുന്നവരിൽ 107 വിദേശികൾ ഉൾപ്പെടും. എത്ര ഇന്ത്യക്കാരുണ്ടെന്ന് വ്യക്തമല്ല. ഗുരുതരമല്ലാത്ത വിവിധ കുറ്റകൃത്യങ്ങളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വന്നിരുന്നവര്‍ക്കാണ് സുല്‍ത്താന്റെ കാരുണ്യത്തില്‍ മോചനം. നബിദിനത്തോടനുബന്ധിച്ച് ഒമാനിൽ ഒക്ടോബർ 19 ന് സർക്കാർ സ്വകാര്യ മേഖലകളിൽ നേരത്തെ പൊതുഅവധി പ്രാഖ്യാപിച്ചിരുന്നു.
► റഷീദ് പയന്തോങ്ങ്
കുവൈത്ത് സിറ്റി: കുവൈത്തിലെ ദൈര്‍ഘ്യമേറിയ കടൽ പാലമായ ജാബിർ ബ്രിഡ്ജിൽ നിന്നും ചാടി ആത്മാഹുതിക്ക് ശ്രമിച്ച ഈജിപ്ത് പൗരനെ സുരക്ഷാ വിഭാഗം രക്ഷപ്പെടുത്തി.
നേരത്തെ ഒരു യൂറോപ്യന്‍ വനിത ഇതേ പാലത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തിരുന്നു. 48 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ജാബിർ ബ്രിഡ്ജ് ആധുനിക കുവൈത്തിന്റെ ശില്പി യശ ശരീരനായ മുൻ അമീർ ഷെയ്ഖ് ജാബിർ അഹമ്മദ് അൽ സബാഹിന്റെ നാമധേയത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. 36 കിലോ മീറ്റർ കടലിന് മുകളിലൂടെ കടന്ന് പോകുന്ന ജാബിർ പാലം സുബിയ പ്രദേശവുമായി ബന്ധിപ്പിക്കുന്നതാണ്.
ലോകത്തിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ പാലമാണിത്. 2019 മെയ് 1 നാണ് ജാബിർ ബ്രിഡ്ജ് പൊതു ജനങ്ങൾക്കായി തുറന്ന് കൊടുത്തത്.
ദുബൈ-കോഴിക്കോട് ജില്ലാ കെഎംസിസി പരിപാടി 26ന്
ദുബൈ: കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവും 'ചന്ദ്രിക' മുന്‍ ചീഫ് എഡിറ്ററുമായ സി.എച്ച് മുഹമ്മദ് കോയയുടെ സ്മരണാര്‍ത്ഥം നല്കുന്ന 'സിഎച്ച് രാഷ്ട്ര സേവാ പുരസ്കാരം' ഒക്ടോബര്‍ 26ന് ദേര ക്രൗണ്‍ പ്ളാസ ഹോട്ടലില്‍ ഒരുക്കുന്ന പ്രൗഢ ചടങ്ങില്‍ ഡോ. ശശി തരൂര്‍ എംപിക്ക് സമ്മാനിക്കും. ദുബൈ - കോഴിക്കോട് ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുസ്ലിം ലീഗ് ദേശീയ ജന.സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഡോ. എം.കെ മുനീര്‍ തുടങ്ങിയ നേതാക്കളും വിവിധ മേഖലകളിലെ പ്രമുഖരും ചടങ്ങില്‍ സംബന്ധിക്കും.
പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം 'സിഎച്ച് രാഷ്ട്ര സേവാ പുരസ്കാര'ത്തിന്റെ ചീഫ് ജൂറി ഡോ. പി.എ ഇബ്രാഹിം ഹാജി നിര്‍വഹിച്ചു. ചടങ്ങില്‍ ദുബൈ-കോഴിക്കോട് ജില്ലാ കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് മൊയ്തീന് കോയ ഹാജി അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി കെ.പി മുഹമ്മദ് പദ്ധതി വിശദീകരിച്ചു. ഇബ്രാഹിം മുറിച്ചാണ്ടി, ഒ.കെ ഇബ്രാഹിം, അഡ്വ. സാജിദ് അബൂബക്കര്‍, ഹംസ പയ്യോളി, വലിയാണ്ടി അബ്ദുല്ല, തെക്കയില്‍ മുഹമ്മദ്, മൂസ കൊയമ്പ്രം, ഹംസ കാവില്‍, മജീദ് കൂനഞ്ചേരി, അഹമ്മദ് ബിച്ചി, അഷ്റഫ് ചമ്പോളി എന്നിവര്‍ പങ്കെടുത്തു.
► റഷീദ് പയന്തോങ്ങ്
കുവൈത്ത് സിറ്റി: നീന്തൽ പരിശീലനത്തിൽ ഏർപ്പെട്ടിരുന്ന സംഘത്തിലെ രണ്ട് പേർ മുങ്ങി മരിച്ചു. മസീല ബീച്ചിലാണ് ദാരുണമായ സംഭവം.
ഒഴുക്കിൽപെട്ട് കാണാതായവരിൽ ഒമ്പത് പേരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയിരുന്നു.
ഇനിയും കണ്ടെത്തിയില്ലാത്ത ഒരാൾക്ക് വേണ്ടി ഫയര്‍ ഫോഴ്സ് തിരച്ചിൽ തുടരുകയാണ്.
കോസ്റ്റ് ഗാർഡാണ് അപകടത്തിൽ പെട്ടവർക്ക് വേണ്ടിയുള്ള രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
ദുബൈ: മുസ്ലിം ലീഗ് നേതാക്കളായ വി.കെ. അബ്ദുൽ ഖാദർ മൗലവിയെയും പി.വി.
മുഹമ്മദ് അരീക്കോടിനെയും ദുബൈ കെ.എം.സി.സി. നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി അനുസ്മരിച്ചു. സംസ്ഥാന സെക്രട്ടറി ഹസ്സൻ ചാലിൽ ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ മുഖ്യ പ്രഭാഷണം നടത്തി. രണ്ട് പേരുടെയും വിയോഗം പ്രസ്ഥാനത്തിനും, മതേതര പൊതു സമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണെന്ന് പുന്നക്കൽ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് അഷ്റഫ് പറമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സിക്രട്ടറി കെ.പി.മുഹമ്മദ്, മൂസ്സ കൊയമ്പ്രം, എം.പി അഷ്റഫ്, ഒ.കെ. ഇബ്രാഹിം, നാമത്ത് ഹമീദ്, അബ്ദുല്ല വലിയാണ്ടി, കല്ലിൽ യൂസുഫ്, നിസാർ ഇല്ലത്ത്, ജമാൽ സി.കെ, ശെരീഫ് ടി.ടി, നൗഷാദ് കെ.വി എന്നിവർ സംസാരിച്ചു. മണ്ഡലം ജനറൽ സിക്രട്ടറി സൈനുദ്ദീൻ വി.വി. സ്വാഗതവും, ട്രഷറർ അബ്ദുല്ല എടച്ചേരി നന്ദിയും പറഞ്ഞു.
ദോഹ: ഖത്തർ അൽ ഖോറിലെ അസർബൈജാൻ ബീച്ചിൽ ഇന്നലെ സന്ധ്യക്കുണ്ടായ അപകടത്തിൽ നാല് ഇന്ത്യകാർ മരിച്ചതായി വിവരം. സ്ത്രീയും കുട്ടിയും ഉൾപ്പെടെ തമിഴ്നാട് സ്വദേശികളാണ് മരിച്ചത്. അവധി ദിനമായ വെള്ളിയാഴ്ച വൈകീട്ട് ബീച്ചിൽ ഇരിക്കുന്നതിനിടെ ആഞ്ഞടിച്ച തിരമാലയിലേക്ക് കുട്ടികൾ അകപ്പെടുകയായിരുന്നു. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് മാറ്റ് രണ്ടുപേർ അപകടത്തിൽ പെട്ടതെന്നാണ് വിവരം. മൃതദേഹം ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
► റഷീദ് പയന്തോങ്ങ്
കുവൈത്ത് സിറ്റി: കുവൈത്തിൽ ആരോഗ്യ രംഗത്ത് സ്ഥിതി ഏറെ മെച്ചപ്പെട്ടതോടെ വിസ അനുവദിക്കുന്നത് സംബന്ധിച്ച നിയന്ത്രണങ്ങൾ ഒഴിവാക്കാൻ കൊറോണ എമര്‍ജൻസി ഉന്നതല സമിതിയുടെ തീരുമാനം.
സമിതി അദ്ധ്യക്ഷൻ ഷെയ്ഖ് ഹമദ് ജാബിർ അൽ അലിയാണ് റെസ്റ്റോറന്റ്,ഭക്ഷ്യ വ്യാവസായം,മത്സ്യ ബന്ധനം,ഫാമുകൾ തുടങ്ങിയ മേഖലയിൽ വാണിജ്യ വിസ അനുവദിക്കുന്ന കാര്യം അഠിയിച്ചത്.
സന്ദർശന വിസ അനുവദിക്കുന്ന നടപടികളും ഇതോടൊപ്പം പുനരാരംഭിച്ചു തുടങ്ങും.
പുതിയ വിസ നേടിയവരിൽ സർക്കാർ പ്രഖ്യാപിച്ച മുൻകരുതലുകൾ പാലിക്കുന്നവർക്ക് മാത്രമേ രാജ്യത്ത് പ്രവേശനാനുമതി ലഭിക്കുകയുള്ളൂ.
► റഷീദ് പയന്തോങ്ങ്
കുവൈത്ത് സിറ്റി: 2017 ൽ സർക്കാർ പ്രഖ്യാപിച്ച സ്വദേശി വൽക്കരണ നയ രൂപീകരണത്തിന്റെ ഭാഗമായി സർക്കാർ സർവീസിലിരിക്കുന്ന വിദേശികൾക്ക് ഈ വർഷാവസാനത്തോടെ ജോലി നഷ്ടമാകുമെന്ന് റിപ്പോർട്ട്. കരാർ വ്യവസ്ഥയിൽ ജോലി നോക്കുന്ന വിദേശികൾക്ക് പിരിച്ചു വിടല്‍ നോട്ടീസ് നൽകി കഴിഞ്ഞു. ഇവരെ കൂടി ഒഴിവാക്കുന്നതോടെ പൊതു മേഖലാ സ്ഥാപനങ്ങളിൽ സ്വദേശിവല്‍ക്കരണം സമ്പൂർണ്ണമാകും.
പബ്ലിക് റിലേഷൻസ്, വിവര മന്ത്രാലയം, അഡ്മിനിസ്ട്രെറ്റിവ് ഫോളോ അപ്പ് ,മാധ്യമം,ഷിപ്പിങ് തുടങ്ങി പത്തോളം തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട മന്ത്രാലയങ്ങളിലും,സർക്കാർ ഏജൻസികളിലും സ്വദേശിവല്‍ക്കരണം ഈ വര്‍ഷത്തോടെ പൂർണ്ണമാകും.
സാങ്കെതികേതര സസ്തികയിൽ സേവനം ചെയ്യുന്ന വിദേശികളെ നീക്കം ചെയ്യുന്ന നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
2019 ന്റെ വർഷാവസാനം വരെ പൊതുമേഖലയിൽ 1.20 ലക്ഷം വിദേശികൾ ഉണ്ടായിരുന്നിടത്ത് കോവിഡിന്റെ വരവോടെ നിരവധി പ്രവാസികൾക്ക് തൊഴിൽ നഷ്ടമായി. വിദ്യാഭ്യാസം ഉൾപ്പടെ പ്രധാന വകുപ്പുകളിൽ 97 ശതമാനം സ്വദേശി പ്രാതിനിധ്യം ഇതിനകം ഉറപ്പാക്കി കഴിഞ്ഞു. സ്വദേശി വല്ക്കരണത്തിൽ 75 ശതമാനത്തിന്റെ പിൻ ബലവുമായി കാർഷിക മന്ത്രാലയം പിറകിൽ നിൽക്കുന്നു.
ദോഹ : ഇന്ത്യയിൽ നിന്നും സന്ദർശക വിസയിൽ മതാപിതാക്കളോടപ്പം വരുന്ന 12 വയസ്സിന് താഴെയുളള കുട്ടികൾക്ക് യാത്രാ അനുമതി നൽകി ഖത്തർ യാത്രാ പോളിസിയിൽ മാറ്റം വരുത്തി.
കൂടെ വരുന്ന മാതാപിതാക്കൾ വാക്സിനേറ്റഡ് ആയിരിക്കണം .2 ദിവസത്തെ ക്വാറന്റെയിൻ ആവിശ്യമാണ് .
ഇന്ത്യയിൽ നിന്നോ ഖത്തറിൽ നിന്നോ വാക്സിനേറ്റഡ് ആയവർക്ക് ഇനി മുതൽ രണ്ടു ദിവസത്തെ ക്വാറന്റെയിൻ മതിയാവും .
വാക്സിൻ സ്വീകരികാത്ത റെസിഡന്റ് വിസക്കാർക്കും 7 ദിവസത്തെ ക്വാറന്റെയിൻ ആയിരിക്കും. ഈ മാറ്റങ്ങൾ ഒക്ടോബർ 6 ഉച്ചക്ക് 2 മുതൽ പ്രാബല്യത്തിൽ വരുന്നതാണ് .
ദോഹ: ഖത്തറിലെ സ്കൂളുകളും കിൻഡർ ഗാർട്ടനുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഞായറാഴ്ച മുതൽ നൂറ് ശതമാനം കുട്ടികളോട് കൂടി പ്രവർത്തിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അതേസമയം കോവിഡ് മുൻകരുതലുകൾ പാലിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. എല്ലാ സമയത്തും കുട്ടികൾ തമ്മിൽ ഒരു മീറ്റർ ദൂരം പാലിക്കണം. ഓഫീസുകളിലും സ്റ്റാഫ് റൂമുകളിലും സാമൂഹിക അകലം പാലിക്കണം. സ്കൂളുകളിൽ എല്ലാവരും മാസ്ക് ധരിക്കണം. ബസ്സുകൾ 75 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. ശുചിത്വ നിയമങ്ങൾ പാലിക്കണം.
ദോഹ : ഖത്തറിൽ കോവിഡ് നിയന്ത്രണങൾ നീക്കുന്നത്തിന്റെ ഭഗമായി പ്രഖ്യാപിച്ച നാലാം ഘട്ട ഇളവുകളിൽ പള്ളികളിലെ പ്രാർത്ഥനകൾക്കുണ്ടായിരുന്ന നിയന്ത്രണങ്ങൾ നീക്കുന്നു. ജുമാ ഉൾപ്പെടെയുള്ള നമസ്കാരങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന സാമൂഹിക അകലം ഒഴിവാക്കി. ഇതുവരെ ഒരു മീറ്റർ അകലമായിരുന്നു പള്ളിക്കുള്ളിൽ പാലിച്ചിരുന്നത്. എന്നാൽ ജുമാ നമസ്കാരത്തിന് മുമ്പുള്ള ഖുതുബ നടക്കുന്ന സമയത്ത് ഒരു മീറ്റർ അകലത്തിലായിരിക്കണം ഇരിക്കേണ്ടത്. ടോയ്ലറ്റുകൾ തുറക്കാം. ഒപ്പം തിരക്ക് കുറഞ്ഞ പള്ളികളിൽ അംഗശുദ്ധി നടത്താനുള്ള സൗകര്യങ്ങളും തുറക്കാം. അതേസമയം പള്ളികളിലേക്ക് വരുമ്പോൾ സ്വന്തമായി നമസ്കാരപായ കരുതണം.ഇഹ്തിറാസ് ഗ്രീൻ സ്റ്റാറ്റസ്, മാസ്ക് ധരിക്കൽ തുടങ്ങി നിബന്ധനകൾ കർശനമായി തന്നെ തുടരുമെന്നും മതകാര്യ മന്ത്രാലയം അറിയിച്ചു. ഒക്ടോബർ 3 മുതൽ പുതിയ ഇളവുകൾ നിലവിൽ വരും.
► വി പി സലാം ഹാജി
സലാല: ഒരു കുടുംബത്തിന് തണലേകാൻ സലാലയിൽ എത്തിയ എത്തിയ യുവാവ്
കൊവിഡ് ബാധിച്ച് ആശുപത്രിയിലായി പ്രയാസമനുഭവിക്കുമ്പോൾ കെ എം സി സി അടക്കമുള്ള സന്നദ്ധ സംഘടനകൾ തുണയായി. മലപ്പുറം വേങ്ങര സ്വദേശി സഹൽ അഹമദാണ് ജോലിയിൽ പ്രവേശിക്കും മുമ്പ് കോവിഡ് ബാധിച്ച് ആശുപത്രിയിലായത്. ദിനം പ്രതി അസുഖം മൂർഛിച്ചതോടെ സ്ഥിതി ആശങ്കയിലാവുകയായിരുന്നു. ഒന്നരമാസത്തോളമായി ഗുരുതരാവസ്ഥയിൽ ഖാബൂസ് ഹോസ്പിറ്റലിൽ കിടക്കുന്ന സഹലിന് നാട്ടിൽ ചികിത്സ നടത്തിയാൽ അല്പം പ്രതീക്ഷയുണ്ട് എന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്. എന്നാൽ, തുടർ ചികിത്സക്ക് നാട്ടിൽ കൊണ്ട് പോകാൻ ഭീമമായ സംഖ്യ ആവശ്യമായി വന്നു. ഗുരുതരാവസ്ഥയിൽ ഉള്ള സഹലിനു യാത്ര ചെയ്യാൻ ഒരു ഡോക്ടറും നഴ്സും ഒരു സഹായിയും വേണം. യാത്രാ ചെലവ് മാത്രം 5000 റിയാൽ (പത്തു ലക്ഷം രൂപ ) ആവശ്യമാണ്. സഹലിന്റെ സലാലയിലുള്ള ബന്ധു സഹായം അഭ്യർത്ഥിച്ചതോടെ കെ എം സി സി നേതാക്കളും കാരുണ്യ പ്രവർത്തകരും സഹായമേകാൻ എത്തി.
സലാല കെ എം സി സി യുടെ മുഴുവൻ ഏരിയ കമ്മിറ്റികളും ജില്ലാ കമ്മിറ്റികളും കാര്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞു പ്രവർത്തിച്ചു. ഒപ്പം സലാലയിലെ മറ്റ് സന്നദ്ധ സംഘടനകളെയും വിവരമറിയിച്ചു. എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട് രണ്ട് ദിവസം കൊണ്ട് ലക്ഷ്യത്തിലെത്തി. ഒരു റിയാൽ മുതൽ 100 റിയാൽ വരെ ആളുകൾ സംഭാവന ചെയ്തു. കെഎംസിസിയോടൊപ്പം തന്നെ വെൽഫെയർ ഫോറം, ഐ സി എഫ്. സലാല, ഇഖ്റഅ കെയർ എന്നിങ്ങനെ മറ്റ് സംഘടനകളും സലാല യിലെ പൊതു സമുഹ ത്തിൽ എന്ത് ആവിശ്യം വന്നാലും അകമഴിഞ്ഞ് സഹായിക്കുന്ന സുധാകരനടക്കമുള്ള വ്യാപാര പ്രമുഖരും ഈ ദൗത്യത്തിൽ പങ്കാളികളായി. ആറ് വാട്സ് ആപ് ഗ്രൂപ്പുകളുടെ അഡ്മിനായ സിറാജിൻ്റെ ഇടപെടലും തുണയായി. എല്ലാവിധ നിയമ തടസ്സങ്ങളും മാറി വിദഗ്ധ ചികിത്സക്ക് സഹൽ നാട്ടിലേക്ക് തിരിച്ചു. വെൻറിലേറ്ററും ഒരു ഡോക്ടറും ഒരു നഴ്സും ഒരു സഹായിയും അടങ്ങുന്ന സംഘത്തോടൊപ്പം സലാല എയർപോർട്ടിൽ നിന്നാണ് പുറപ്പെട്ടത്.
ഒരു ചെറുപ്പക്കാരന്റെ ജീവൻ തിരിച്ചു പിടിക്കാൻ ജാതിയും മതവും രാഷ്ട്രീയവും മറന്ന് ഒറ്റക്കെട്ടായി പ്രവർത്തിച്ചത് കൊണ്ടാണ് ഇത്ര പെട്ടെന്ന് ഇത് സാധ്യമായത്.
ആർക്കും സഹലിനെ അറിയില്ല. ഒരിക്കൽ പോലും കണ്ടിട്ടില്ല. എവിടെയാണെന്ന് പോലും അറിയില്ല. എന്നിട്ടും ആ ചെറുപ്പക്കാരന്റെ ജീവന്റെ തുടിപ്പുകളാകാൻ എല്ലാവരും മുന്നോട്ട് വന്നത് സലാലയിലെ പ്രവാസി സമൂഹത്തിൻ്റെ കാരുണ്യ മനസിൻ്റെ നേർ സാക്ഷ്യമായി.
► മുഹമ്മദ് ഹുസൈൻ വാണിമേൽ
ദോഹ: ഖത്തറിൽ നിന്ന് വാക്സിൻ എടുക്കാത്തവർക്ക് പി.സി.ആർ ടെസ്റ്റ് നെഗറ്റീവ് ആയാൽ രണ്ടാം ദിവസം ക്വാറന്റൈൻ അവസാനിപ്പിക്കാം. ഖത്തറിൽ നിന്ന് വാക്സിൻ എടുക്കാത്ത യാത്രക്കാർക്ക് പത്തു ദിവസം ഹോട്ടൽ ക്വാറന്റൈൻ നിർബന്ധമായിരുന്നു. എന്നാൽ രണ്ടാം ദിവസം പി.സി.ആർ ടെസ്റ്റ് നെഗറ്റീവും ആന്റിബോഡി ടെസ്റ്റ് പോസ്റ്റിറ്റീവുമാണെങ്കിൽ അവരെ ഹോട്ടലിൽ നിന്നും ഡിസ്ചാർജ് ചെയ്യാമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ പുതുതായി പുറത്തിറക്കിയ ട്രാവൽ പോളിസിയിൽ വ്യക്തമാക്കി.
ഇന്ത്യയടക്കമുള്ള ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കും ഖത്തർ അംഗീകൃത വാക്സിൻ എടുത്തവർക്കും സന്ദർശകർക്കും റസിഡന്റ് വിസയുള്ളവർക്കും നിയമം ബാധകമാണ്.
ഔദ്യോഗികമായി ഇപ്പോഴാണ് എച്.എം.സി ഇക്കാര്യത്തിൽ പത്രക്കുറിപ്പ് ഇറക്കുന്നത്.
അതേസമയം ഖത്തറിൽ വെച്ച് വാക്സിൻ ലഭിച്ചവർക്ക് രണ്ട് ദിവസത്തെ ഹോട്ടൽ ക്വാറന്റൈൻ നിര്‍ബന്ധമാണ്.
► റഷീദ് പയന്തോങ്ങ്
കുവൈത്ത് സിറ്റി: ഈ വർഷത്തെ രണ്ടാം പാദത്തിൽ കയറ്റുമതിയിൽ മികച്ച നേട്ടവുമായി കുവൈത്ത്. കയറ്റു മതി വളർച്ച 152 ശതമാനമായി വർദ്ധിച്ചപ്പോൾ ഇറക്കുമതി ഇനത്തിൽ 18.9 ശതമാനമായി ഉയർത്തിയിട്ടുമുണ്ട്. കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ 1.97 ബില്യൺ ദിനാറിന്റെ കയറ്റുമതിയിൽ നിന്നും ഈ വർഷം രണ്ടാം പാദത്തിൽ 4.97 ബില്യണ്‍ ദിനാറായി വർദ്ധിച്ചു.
നേരത്തെ ഉണ്ടായിരുന്ന 1.7 ബില്യണ്‍ ദിനാറിന്റെ വളർച്ചയിൽ നിന്നാണ് കുവൈത്ത് എണ്ണ കയറ്റുമതിയിൽ മാത്രം 4.5 ബില്യണിന്റെ നേട്ടം കൈവരിക്കുന്നത്.
► റഷീദ് പയന്തോങ്ങ്
കുവൈത്ത് സിറ്റി: ജനിതക മാറ്റം വന്ന ഡെൽറ്റ വകഭേദത്തിന്റ പശ്ചാത്തലത്തിൽ രണ്ട് ഡോസ് ഫൈസർ വാക്സിൻ എടുത്തവര്‍ക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കാനുള്ള സന്ദേശം ആരോഗ്യ വകുപ്പ് അയച്ചു തുടങ്ങി.
വയോധികർ, പ്രതിരോധ ശേഷി നഷ്ടപെട്ടവർ, നിത്യ രോഗികൾ എന്നിവരാണ് ബൂസ്റ്റര്‍ ഡോസ് നൽകുന്നതിന് പ്രഥമ പരിഗണനയിലുള്ളത്.
രോഗികളുടെ എണ്ണം ഗണ്യമായി കുറച്ച് സമീപ ദിവസങ്ങളിലായി കോവിഡ് രോഗ പ്രതിരോധ രംഗത്ത് ശ്രദ്ധേയമായ നേട്ടമാണ് കുവൈത്ത് കൈവരിച്ചിട്ടുള്ളത്.
ദോഹ: ഇന്ത്യൻ മുസ്ലിങ്ങൾക്കെതിരെ ചിലർ ഉയർത്തുന്ന ജിഹാദ് ആരോപണം അപലപനീയമാണെന്ന് ആഗോള പണ്ഡിത സഭ സെക്രട്ടറി ജനറൽ ശൈഖ് അലി അൽ ഖറദാഗി . നാർക്കോട്ടിക് ജിഹാദ് , ലൗ ജിഹാദ് കൊറോണ ജിഹാദ് പോലുള്ള ആരോപണം ഇന്ത്യൻ മുസ്ലിങ്ങൾക്കെതിരെ ഉയരുകയാണ് . ഇത് ആസൂത്രിത നീക്കമാണെന്നും ഇസ്ലാം ഓണ്‍ലൈനില്‍ നൽകിയ അഭിമുഖത്തിൽ ഖറദാഗി പറഞ്ഞു . മുസ്ലിം ന്യൂനപക്ഷങ്ങളെ മാനസികമായി തകർക്കാനുള്ള നടപടിയാണ് . മുൻപ് ഇത് നിർവഹിച്ചിരുന്നത് വർഗീയ ഹിന്ദുത്വ വാദികളായിരുന്നെകിൽ ഇപ്പോൾ മറ്റു ചിലർ അത് ഏറ്റെടുത്തിരിക്കുകയാണ് . ഇസ്ലാമിലേക്ക് ആളുകളെ ആകർഷിക്കാൻ ഇസ്ലാം ശക്തമായി വിലക്കിയ മയക്കുമരുന്ന് പോലുള്ളവയുമായി ചേർത്ത് വെച്ചാണ് ഇപ്പോൾ ആരോപണം ഉന്നയിക്കുനതെന്നത് അത്ഭുതപ്പെടുത്തുന്നതാണ് . ഇതിനെതിരെ ശക്തമായ പ്രതിരോധങ്ങൾ ഉണ്ടാവണം . ഇന്ത്യൻ മുസ്ലിങ്ങൾക്ക് നിയമപരമായ സംരക്ഷണം ഉറപ്പുവരുത്താൻ രാജ്യത്തെ രാഷ്ട്രീയ പാർട്ടികളും മുസ്ലിം രാജ്യങ്ങളിലെ ഭരണകൂടങ്ങളും രംഗത്ത് വരണം . മുസ്ലിം ഭരണകൂടത്തിന് കീഴിൽ ഇന്ത്യ നൂറാണ്ടുകൾ ഉണ്ടായിട്ടും ആരേയും മതം മാറാൻ നിർബന്ധിച്ചിട്ടില്ല എന്നത് എല്ലാവര്ക്കും അറിയാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി . ഡോ : യൂസുഫുൽ ഖർളാവി അധ്യക്ഷനായി പ്രവർത്തിക്കുന്ന ആഗോള മുസ്ലിം പണ്ഡിത സഭയിൽ ഇന്ത്യയിൽ നിന്നുൾപ്പെടെ നിരവധി പണ്ഡിതന്മാർ അംഗങ്ങളാണ് .
► റഷീദ് പയന്തോങ്ങ്
കുവൈറ്റ്: അറുപത് വയസ്സിന് മുകളിൽ പ്രായമുള്ള അവിദഗ്ദ തൊഴിലാളികളിൽ നിന്ന് വാർഷിക ഇനമായി നിശ്ചിത തുക ഈടാക്കി താമസ രേഖ പുതുക്കി നൽകാനുള്ള നിർദേശത്തോട് വിയോജിപ്പ് പ്രകടമാക്കി ചേമ്പർ ഓഫ് കൊമേഴ്സ് ആന്റ് ഇന്റസ്ട്രി.
ഈ നീക്കം രാജ്യത്ത് വിദഗ്ദ തൊഴിലാളികളുടെ വരവിന് വേഗത കുറയ്ക്കുമെന്നും,സമ്പദ് വ്യവസ്ഥയെ അത് പ്രതികൂലമായി ബാധിക്കുമെന്നും ചെയർമാൻ മുഹമ്മദ് അൽ സഖർ പ്രധാന മന്ത്രി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ സബാഹിന് അയച്ച കത്തിൽ സൂചിപ്പിച്ചു.
ഈ നിർദേശം നടപ്പിലാകാതെ വന്നാൽ അധിക തുക അടച്ച് താമസ രേഖ നില നിർത്താൻ തയ്യാറാകൂന്ന ബിരുദധാരികൾ അല്ലാത്ത ഇതിന്റെ ഗുണഭോക്താകൾക്ക് വലിയ തിരിച്ചടിയാകും.
► അഷ്റഫ് പൊയ്ക്കര
മസ്കറ്റ്: കോവിഡ് പ്രതിസന്ധി മൂലം തിരിച്ച് വരാൻ കഴിയാത്ത രാജ്യത്തിന് പുറത്തുള്ള പ്രവാസി തൊഴിലാളികളുടെ കാലാവധി കഴിഞ്ഞ വർക്ക് പെർമിറ്റുകൾ പുതുക്കാൻ തൊഴിലുടമകളെ അനുവദിക്കാനും 2020 ജൂൺ 1 മുതൽ 2021 ഡിസംബർ 31 വരെയുള്ള കാലയളവിൽ പിഴ ഒഴിവാക്കാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചു.
2020 ജൂൺ 1 മുതൽ 2021 ഡിസംബർ 31 വരെയുള്ള കാലയളവിൽ തൊഴിൽ പെർമിറ്റുകൾ കാലഹരണപ്പെട്ടതോ കാലാവധി തീരുന്നതോ ആയ പ്രവാസി തൊഴിലാളികളുടെ പിഴ ഒഴിവാക്കാനും കമ്മിറ്റി തീരുമാനിച്ചു. പുതുക്കലിന് വിധേയമായി 2020 ജൂൺ 1 മുതൽ 2021 ഡിസംബർ 31 വരെയുള്ള കാലയളവിൽ സർക്കാർ ഏജൻസികൾ നൽകുന്ന ലൈസൻസുകൾക്കുള്ള പിഴകളിൽ നിന്നും ചില പ്രവർത്തനങ്ങളെ ഒഴിവാക്കിയതായും കമ്മിറ്റി അറിയിച്ചു.
സ്ഥാപനങ്ങളും കമ്പനികളും അവരുടെ കാലഹരണപ്പെട്ട വാണിജ്യ രേഖകളും ലൈസൻസുകൾ 2021 ഡിസംബർ മുപ്പത്തി ഒന്നിനകം പുതുക്കുകയാണെങ്കിൽ,അത് വരെയുണ്ടായിരുന്ന പിഴയിൽ നിന്ന് ഒഴിവാക്കാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചു.
► റഷീദ് പയന്തോങ്ങ്
കുവൈത്ത് സിറ്റി: സാധാരണ ജനങ്ങളുടെ പ്രധാന കച്ചവട മേഖലയായ റെസ്റ്റോറന്റ് രംഗത്ത് തൊഴിലാളി ക്ഷാമം പ്രതിസന്ധി സൃഷ്ടിക്കുന്നു.
ചെറുതും വലുതുമായ റെസ്റ്റോറന്റുകൾ ഈ കൂട്ടത്തിലുണ്ട്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ എണ്ണയിരത്തിലധികം തൊഴിലാളികളാണ് രാജ്യം വിട്ടത്.കോവിഡ് കാലം നിയന്ത്രണങ്ങൾക്ക് വിധേയമായി പ്രവർത്തിച്ചിരുന്ന റെസ്റ്റോറന്റുകൾ വ്യാപാര രംഗത്ത് വലിയ പ്രതിസന്ധിയെയായിരുന്നു അഭിമുഖീകരിച്ചിരുന്നത്.
അറുപത് വയസ്സ് കഴിഞ്ഞവർക്ക് താമസ രേഖ പുതുക്കി നൽകുന്നതിന് സർക്കാർ നിയന്ത്രണം കൊണ്ട് വന്നതോടെ പരിചയ സമ്പന്നരായ തൊഴിലാളികൾക്ക് രാജ്യം വിടേണ്ടുന്ന സഹചര്യമുണ്ടായി. നിരവധി സ്ഥാപനങ്ങൾ അടച്ചു പൂട്ടൽ ഭീഷണിയും നേരിടേണ്ടി വന്നു. കോവിഡ് നിയന്ത്രണങ്ങൾ നീങി കമ്പോളങ്ങൾ പഴയ സ്ഥിതി പ്രാപിച്ചതോടെ തൊഴിലാളികളുടെ അഭാവം ഈ രംഗത്ത് മറ്റൊരു പ്രതിസന്ധിയാവുന്നു.
പുതിയ റിക്റൂട്ട്മെന്റുകൾക്ക് അവസരം ഇല്ലാത്തത് സ്ഥാപനങ്ങളിൽ ആവശ്യമായ തൊഴിലാളി സാനിദ്ധ്യം ഉറപ്പ് വരുത്തുന്നതിന് കഴിയാതെ വന്നു.
കഷ്ട നഷ്ടങ്ങൾ സഹിച്ച് നിലവിലുള്ള ജീവനകാർക്ക് ശമ്പള വർദ്ധനവ് നൽകി കച്ചവട സ്ഥാപനങ്ങൾ നില നിർത്തി പോരുന്നവരുമുണ്ട്.
മസ്കറ്റ്: ഒമാനിൽ കോവിഡ് പ്രതിസന്ധി ഒഴിയുന്നു. തുടർച്ചയായ അഞ്ചാം ദിവസവും മരണം റിപ്പോർട്ട് ചെയ്തില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 22 രോഗികൾ മാത്രമാണുള്ളത്. 5 പേരെ മാത്രമേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുളളൂ. ഇതോടെ ചികിത്സയിലുളളവരുടെ എണ്ണം ICU വിലുള്ള 23 പേരുൾപ്പെടെ 46 പേരായി ചുരുങ്ങി.രോഗമുക്തി നിരക്ക് 97.1% ആയി. രോഗ വ്യാപനം കുറഞ്ഞെങ്കിലും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
ദുബൈ: യു എ ഇ യിൽ ഇനി മുതൽ മാസ്ക് ധരിക്കുന്നതിൽ ഇളവ് പ്രഖ്യാപിച്ചു. പൊതു സ്ഥലങ്ങളിൽ വ്യായാമം ചെയ്യുമ്പോഴും, സ്വകാര്യ വാഹനങ്ങളിൽ ഒരേ കുടുംബത്തിലെ അംഗങ്ങൾ യാത്ര ചെയ്യുമ്പോഴും, ബീച്ചിൽ പോകുമ്പോഴും , ഓപ്പൺ സ്വിമ്മിംഗ് പൂളിൽ പോകുന്നവർക്കും , വ്യക്തികൾ തനിച്ചായിരിക്കുന്ന അടച്ചിട്ട സ്ഥലങ്ങൾ, സലൂണുകൾ , സൗന്ദര്യ കേന്ദ്രങ്ങൾ , ട്രീറ്റ്മെൻറു എടുക്കുന്ന സമയത്ത് മെഡിക്കൽ സെന്റർ എന്നിവിടങ്ങളിലാണ് ഫെയ്സ് മാസ്കുകൾ നിർബന്ധമല്ല എന്ന് അധികൃതർ അറിയിച്ചത്.
¶ ഹുസൈൻ ഒ.പി
ദോഹ: ഖത്തറിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച ഒൻപത് പേരെ നേപ്പാൾ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് ഏഴര കിലോ കഞ്ചാവ് പിടിച്ചെടുത്തതായി പോലീസ് വെളിപ്പെടുത്തി.
കാത്മണ്ഡുവിലെ കാപ്പൻ എന്ന സ്ഥലത്തുവെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഉർപതമാങ് എന്നയാളുടെ റൂമിൽ നിന്നും മൂന്നര കിലോ കഞ്ചാവും കാത്മണ്ഡുവിലെ ത്രിഭുവൻ ഇന്റർ നേഷണൽ എയർപോർട്ടിന്റെ ഡിപ്പാർച്ചർ ടെർമിനലിൽ നിന്ന് ദോഹയിലേക്ക് പുറപ്പെടാനിരുന്ന ശ്യാം പ്രസാദ് റോക്ക എന്ന യാത്രക്കാരന്റെ ബാഗിൽ നിന്നും നാലര കിലോ കഞ്ചാവുമാണ് പിടിച്ചെടുത്തത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഖത്തരിലേക്ക് മയക്കുമരുന്ന് കടത്താനുള്ള നിരവധി ശ്രമങ്ങളാണ് ദോഹയിലും ഇന്ത്യയിലും നേപ്പാളിലും മറ്റു രാജ്യങ്ങളിലും പോലീസ് വിഫലമാക്കിയത്.
അടുത്ത വർഷം ലോക കപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ മയക്കുമരുന്ന് മാഫിയ ഖത്തർ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു എന്നതാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.
¶ റഷീദ് പയന്തോങ്ങ്
കുവൈത്ത്: മുതിര്‍ന്ന പൗരന്മാർക്ക് ഇന്ത്യൻ അംബാസിഡറുടെ ക്ഷണം. പ്രവാസം അവസാനിപ്പിച്ച് മടക്ക യാത്രയ്ക്ക് തയ്യാറെടുക്കുന്ന ഇന്ത്യൻ പൗരന്മാർക്കാണ് സ്ഥാനപതിയുടെ ക്ഷണം ലഭിച്ചത്.
ദീർഘ നാളത്തെ കുവൈത്ത് ജീവിതാനുഭവങ്ങൾ പങ്ക് വെക്കാനും, അവരുടെ മികച്ച ആശയം കൈമാറാനും ഈ കൂടി കാഴ്ച്ച സഹായിക്കും.
ഇന്ത്യ കുവൈത്ത് ബന്ധം കൂടുതൽ ദൃഡപ്പെടുത്തുന്നതിനും, ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മുതിര്‍ന്ന പൗരന്മാരുടെ മികച്ച ആശയങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും കഴിയുമെന്ന് കുവൈത്ത് ഇന്ത്യൻ അമ്പാസിഡർ സിബി ജോര്‍ജ്ജ് വ്യക്തമാക്കി.
അറുപത് വയസ്സ് കഴിഞ്ഞ അവിദഗ്ദരായ കുവൈത്ത് പ്രവാസികൾക്ക് അവരുടെ തെഴിൽ രേഖ പുതുക്കി നൽകുന്നതിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.ഇതേ തുടർന്ന് വിദേശികളുടെ മടക്ക യാത്ര ആരംഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യൻ അമ്പാസിഡർ അവരെയും കുടുംബത്തെയും നേരിൽ കാണുന്നതിന് താത്പര്യം അറിയിച്ചത്.
നേരത്തെ എംബസിയിൽ പേര് വിവരം നൽകിയവര്‍ക്കാണ് സ്ഥാനപതിയുമായുള്ള കൂടി കാഴ്ച്ചയ്ക്ക് അവസരം ലഭിക്കുക.
ദോഹ: സമന്വയ വിദ്യാഭ്യാസ രംഗത്ത് നടക്കുന്ന കാലോചിതമായ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും മഹത്തായ വൈജ്ഞാനിക പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന ഇത്തരം പ്രവർത്തനങ്ങളുമായി സഹകരിക്കേണ്ടത് വിശ്വാസിയുടെ ബാധ്യതയാണെന്നും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു. നാദാപുരം ജാമിഅഃ ഹാഷിമിയ്യഃ യുടെ ഖത്തർ ചാപ്റ്റർ സീഷോർ സ്റ്റീലിന്റെ സഹകരണത്തോടെ പുറത്തിറക്കിയ 2020 വർഷത്തെ കലണ്ടർ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഫാരി ഗ്രൂപ്പ് ജനറൽ മാനേജർ സൈനുൽ ആബിദീന്‍ ആദ്യ പ്രതി ഏറ്റുവാങ്ങി. ദോഹ ക്രൗൺ പ്ലാസ ഹോട്ടൽ ഓഡിറ്റോറിത്തിൽ നടന്ന ചടങ്ങിൽ ജാമിഅഃ ഹാശിമിയ്യഃ ഖത്തർ ചാപ്റ്റർ പ്രസിഡന്റ് ടി കെ മുസ്തഫ തങ്ങൾ അധ്യക്ഷത വഹിച്ചു. യൂത്തലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്, അബ്ദു നാസർ നാച്ചി, ജാഫർ തയ്യിൽ , പി എ തലായി, പി വി മുഹമ്മദ് മൗലവി, കെ കെ ബഷീർ, വി ടി കെ അസ്ഹർ, സിറാജ് മുരിങ്ങോളി, അഹമ്മദ് പടയൻ, നജീബ് കെ എം, ജാസിൽ എ സി, സഹദ് ഇ കെ, അജ്മൽ തെങ്ങലകണ്ടി എന്നിവർ പ്രസംഗിച്ചു. ഷെരീഫ് നരിപ്പറ്റ സ്വാഗതവും സി പി സി ആലികുട്ടി നന്ദിയും പറഞ്ഞു
സീഡ് ലിം ഡെ ആചരിച്ചു
കുറ്റ്യാടി : കുറ്റ്യാടി ഹെവൻസ് പ്രീ സ്കുൾ കുട്ടികൾ സീഡ് ലിം ഡെ ആചരിച്ചു. വിത്തുകളും ചെടികളും തിരിച്ചറിയുന്നതിന്റെ ഭാഗമായി ചെറിയ കുമ്പളം അഗ്രികൾച്ചറൽ ഫാം സന്ദർശനം നടത്തി. വിവിധ തരം ഔഷധ സസ്യങ്ങൾ, അലങ്കാരച്ചെടികൾ ഫലവൃക്ഷ തൈകൾ, പൂച്ചെടികൾ എന്നിവയെ അടുത്തറിയാനും വിവിധ തരം സസ്യങ്ങളെ പരിചയപ്പെടാനും കുട്ടികൾക്ക് സാധിച്ചു.
ഐഡിയൽ സ്കൂൾ പ്രിൻസിപ്പാൾ മുഹമ്മദ് ഇഖ്ബാൽ സ്കൂൾ പരിസരത്ത് ഔഷധത്തോട്ടത്തിന് വിത്ത് പാകി ദിനാചരണം ഉദ്ഘാടനം ചെയ്തു. അധ്യാപകരായ സഫിയ, ജമീല, ഹഫ്സത്ത്, ത്വാഹിറ, ഫാത്തിമത്ത് ജസ് ന, സാജി റ, ഫാത്തിമ, താഹിറ, എന്നിവർ നേതൃത്വം നൽകി.
രക്ത മൂലകോശ ദാന ദിനം: നാദാപുരത്ത് ലൈവ് ആർട്ട്.
നാദാപുരം.: ലോക രക്തമൂലകോശ ദാന ദിനമായ സപ്തമ്പർ 21 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ആർട്ടിസ്റ്റ് സയ്യദ് ഇജാസ് ബസ് സ്റ്റാന്റ് പരിസരത്ത് ലൈവ് ആർട്ട് പരിപാടി സംഘടിപ്പിക്കുന്നു.
നിയ ഫാത്തിമ എന്ന അഞ്ചു വയസ്സുകാരിയുടെ ജീവൻ രക്ഷിക്കുന്നതിന് യോജിക്കുന്ന മൂലകോശം കണ്ടെത്തുന്നതിന് ഒക്ടോബർ 20 ന് നാദാപുരം ഗവ. യു പി സ്കൂളിൽ ബ്ലഡ് ഡോനേർസ് കേരള (കോഴിക്കോട് വടകര)യും ദാത്രിയും ചേർന്ന് നടത്തുന്ന രക്ത മൂലകോശ ദാന ക്യാമ്പിന്റെ പ്രചരണാർത്ഥമാണ് ലൈവ് ആർട് നടത്തുന്നത്.
രക്ത മൂലകോശ ദാന ദിനം: നാദാപുരത്ത് ലൈവ് ആർട്ട്.
നാദാപുരം.: ലോക രക്തമൂലകോശ ദാന ദിനമായ സപ്തമ്പർ 21 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ആർട്ടിസ്റ്റ് സയ്യദ് ഇജാസ് ബസ് സ്റ്റാന്റ് പരിസരത്ത് ലൈവ് ആർട്ട് പരിപാടി സംഘടിപ്പിക്കുന്നു.
നിയ ഫാത്തിമ എന്ന അഞ്ചു വയസ്സുകാരിയുടെ ജീവൻ രക്ഷിക്കുന്നതിന് യോജിക്കുന്ന മൂലകോശം കണ്ടെത്തുന്നതിന് ഒക്ടോബർ 20 ന് നാദാപുരം ഗവ. യു പി സ്കൂളിൽ ബ്ലഡ് ഡോനേർസ് കേരള (കോഴിക്കോട് വടകര)യും ദാത്രിയും ചേർന്ന് നടത്തുന്ന രക്ത മൂലകോശ ദാന ക്യാമ്പിന്റെ പ്രചരണാർത്ഥമാണ് ലൈവ് ആർട് നടത്തുന്നത്.