11
Tuesday
August 2020

11
Tuesday
August 2020

വിദ്യാഭ്യാസം

പെട്ടെന്നുള്ള അവധിയിൽ ആദ്യം സന്തോഷം പിന്നെ സങ്കടം, പിരിഞ്ഞു പോയത് മാസ്കുകൾ ധരിച്ച്

11th of March 2020

നാദാപുരം: പഠിച്ചു കൊണ്ടിരിക്കുന്ന പാഠപുസ്തകം പെട്ടെന്ന് ആരോ വന്ന് പൂട്ടി വച്ചത് പോലെയുള്ള  അവധി പ്രഖ്യാപനം കേട്ട് ആദ്യമൊന്ന് സന്തോഷിച്ചെങ്കിലും പിന്നീട് മുഖങ്ങളിൽ പടർന്നത് സങ്കടമായിരുന്നു. കുമ്മങ്കോട് ഈസ്റ്റ് എൽ .പി സ്കൂളിലെ നാലാംതരത്തിലെ വിദ്യാർഥികളെയാണ് പെട്ടെന്നുള്ള അവധി പ്രഖ്യാപനം വല്ലാതെ പ്രയാസപ്പെടുത്തിയത്. മുൻ നിശ്ചയിച്ച പ്രകാരം കഴിഞ്ഞ ദിവസം കാലത്ത് പoന പ്രവർത്തനത്തിന്റെ ഭാഗമായി പൊലിസ് സ്റ്റേഷനും, പോസ്റ്റോഫീസും സന്ദർശിച്ച് സ്കൂളിൽ തിരിച്ചെത്തിയതോടെയാണ് മാർച്ച് 31 വരെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ച വിവരമറിയുന്നത്. നാലാം ക്ലാസ് കഴിയുന്നതോടെ അടുത്ത വർഷം കൂട്ടുകാരിൽ പലരും പല വിദ്യാലയങ്ങളിലാവും തുടർപഠനം. അധ്യാപകരോടും സഹപാഠികളോടും വിട പറയുന്നതിനായി കൊല്ല പരീക്ഷയ്ക്ക് മുമ്പായി തന്നെ " സെന്റ് ഓഫ് പാർട്ടി "സംഘടിപ്പിക്കാനുള്ള തിരക്കിലായിരുന്നു അവർ. വിദ്യാർഥികളുടെ കണക്കുകൂട്ടലുകൾ  തെറ്റിച്ചു കൊണ്ടുള്ള അവധിക്ക് കാരണം രാജ്യം മുഴുവൻ പടർന്നു പിടിക്കുന്ന കൊറോണ രോഗം (കൊവിഡ് 19 ) ആ ണെന്ന് മനസ്സിലാക്കിയതോടെ പിന്നീടുള്ള പിരിയഡുകൾ കൊറോണയെ കുറിച്ചും, പ്രതിരോധ മാർഗങ്ങളെ കുറിച്ചുമുള്ള ചർച്ചകളിൽ ഒതുങ്ങി. പഠനോത്സവത്തിന്റെ ഭാഗമായി ഒരു വർഷക്കാലം കൊണ്ട് തങ്ങൾ "പഠിച്ചെടുത്ത പാഠങ്ങൾ'' രക്ഷിതാക്കളുടെയും നാട്ടുകാരുടെയും മുന്നിൽ വിവിധ പ്രവർത്തനങ്ങളിലൂടെ കാണിച്ചു കൊടുക്കാനുള്ള ഒരുക്കപ്പാടിലുമായിരുന്നു മറ്റു ക്ലാസുകളിലെ കുട്ടികൾക്കൊപ്പം ഇവരും.  സെന്റ് ഓഫ് പാർട്ടിയും, വിട പറയൽ ചടങ്ങുമില്ലാതെ സ്കൂൾ വിട്ടുപോകേണ്ടി വന്ന പ്രയാസത്തിലാണെങ്കിലും കൊറോണ രോഗികളോടുള്ള ഐകദാർഡ്യത്തിൽ അതൊക്കെ മറക്കുകയായിരുന്നു കുരുന്നു മനസ്സിന്റെ ഉടമകൾ .ഒടുവിൽ അധ്യാപകന്റെ സഹായത്തോടെ സ്വയം നിർമിച്ച പ്രതീകാത്മക മാസ്കുകൾ ധരിച്ചാണ് തികച്ചും, അപ്രതീക്ഷിതമായി  ഒരു അധ്യയന വർഷത്തിന്റെ അവസാന ദിവസത്തിൽ കുട്ടികൾ തങ്ങളുടെ പ്രിയ വിദ്യായലത്തോട് വിട പറഞ്ഞ് വീടുകളിലേക്ക് പിരിഞ്ഞു പോയത്.

Related UPdates
newsletter

Subscribe to our email newsletter